കാസര്‍കോട്: നീലേശ്വരം കാര്യങ്കോട്ടെ ദേശീയപാതയിലെ പഴയ പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പുതിയപാലം വീണ്ടും ഗതാഗതത്തിനായി ഇന്നു തുറന്നുകൊടുത്തു. കഴിഞ്ഞ ജുലൈ ഒന്നിനാണ് പാലം ആദ്യം തുറന്നത്. എന്നാല്‍ അഞ്ചാംദിവസം സ്പാനുകള്‍ കൂട്ടിയിണക്കുന്ന എക്‌സ്പാന്‍ഷന്‍ ജോയിന്റിങ് പൂര്‍ത്തിയാക്കാനായി വീണ്ടും അടച്ചിട്ടു. ഇതിനായി ഒരുമാസത്തെ സമയം വേണ്ടി വരുമെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചിരുന്നു. പണി തീര്‍ന്നെങ്കിലും പാലം തുറന്നുകൊടുത്തില്ല. അതിനിടെ പഴയ പാലത്തിന്റെ പ്രധാന തൂണ് ചെരിഞ്ഞ് അപകടനിലയിലായതായി പ്രചരണം നടന്നിരിന്നു. ഇതോടെയാണ് ബുധനാഴ്ച പുതിയപാലത്തിലൂടെ ഗതാഗതം പുന:സ്ഥാപിച്ചത്. പഴയത് പൊളിച്ചു മാറ്റി മറ്റൊരു മൂന്നുവരി പാലം കൂടി ഇവിടെ പണിയുന്നതിനുള്ള പ്രവര്‍ത്തനം നടന്നു വരികയാണ്.