വയനാട്ടില്‍ വീണ്ടും ഭീകര ഉരുള്‍പൊട്ടല്‍; 25 പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി, നൂറോളം പേര്‍ ഒറ്റപ്പെട്ടു

വയനാട്: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, കല്‍പ്പുഴ എന്നിവിടങ്ങളിലുണ്ടായ ഭീകരമായ ഉരുള്‍പൊട്ടലില്‍ 25 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നു ആശങ്കയുണ്ട്. പത്തു മൃതദേഹങ്ങള്‍ മലപ്പുറം പോത്താംകല്ലില്‍ ചാലിയാര്‍ പുഴയില്‍ നിന്നു കണ്ടെടുത്തു. അട്ടമലയില്‍ നിന്നു 6 മൃതദേഹങ്ങളും ചൂരല്‍മലയില്‍ നിന്നു 8 മൃതദേഹങ്ങളും കണ്ടെടുത്തു.
മരിച്ചവരില്‍ മൂന്നു കുട്ടികളുമുണ്ട്. നൂറിലേറെ പേരെ കാണാതായിട്ടുണ്ടെന്നും നൂറുകണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
മുണ്ടക്കൈ പൂര്‍ണ്ണമായി ഒറ്റപ്പെട്ടു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭീകരമായ രീതിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. മൂന്നു തവണ ഉരുള്‍പൊട്ടലുണ്ടായതായാണ് അവിടെ നിന്നു ലഭിക്കുന്ന വിവരം. ഉരുള്‍ പൊട്ടലില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, കല്‍പ്പുഴ പ്രദേശങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നു.
അപകടവിവരമറിഞ്ഞയുടനെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തര സഹായത്തിനും സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
സംസ്ഥാനമന്ത്രിമാര്‍ വയനാട്ടിലേക്കു തിരിച്ചു. തൃശൂര്‍ മുതല്‍ കാസര്‍കോടു വരെയുള്ള പൊലീസ് വിഭാഗത്തെ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വയനാട്ടിലേക്കു വിളിച്ചു.
വ്യോമസേനയുടെ രണ്ടു ഹെലികോപ്ടറുകളും കണ്ണൂരില്‍ നിന്നു ആര്‍മിയുടെ രണ്ടു കമ്പനിയും വയനാട്ടിലേക്കു പുറപ്പെട്ടു.
2019 ആഗസ്റ്റ് 8ലാണ് ഇതുപോലെ ഭീകരമായ ഉരുള്‍പൊട്ടല്‍ വയനാട്ടില്‍ അനുഭവപ്പെ
ട്ടത്. അന്നു പുത്തുമലയിലായിരുന്നു അപകടം. ആ ഉരുള്‍ പൊട്ടലില്‍ 17 പേര്‍ മരിച്ചു. ഇതില്‍ ഏഴു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏക്കര്‍ കണക്കിനു കൃഷിഭൂമിയും അതിലുള്ള സര്‍വ്വതും അന്ന് ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായി തകര്‍ന്നു. പുത്തുമലക്കടുത്താണ് ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍.
ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയിലേക്കുള്ള പാലവും റോഡുകളും പൂര്‍ണ്ണമായി തകര്‍ന്നു. ഈ പ്രദേശം പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ എത്തിച്ചേരാനുള്ള സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തുകയാണ്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page