പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍; ഇന്ത്യ ചക്രവ്യൂഹത്തിന്റെ കുരുക്കില്‍, നിയന്ത്രിക്കുന്നത് ആറുപേര്‍

 

ന്യൂഡല്‍ഹി: ചക്രവ്യൂഹത്തില്‍പെട്ട അഭിമന്യുവിന്റെ അവസ്ഥയാണ് രാജ്യത്തിനെന്ന് ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി. ‘അഭിമന്യുവിനെ ചക്രവ്യൂഹത്തില്‍ കുരുക്കിയ പോലെ രാജ്യത്തെ ജനങ്ങളെ കുരുക്കുകയാണ്. അമിത് ഷാ, മോദിയടക്കമുളള ആറ് പേരാണ് ചക്രവ്യൂഹം നിയന്ത്രിക്കുന്നത്. അവര്‍ അഭിമന്യുവിനെ കൊന്ന പോലെ രാജ്യത്തെയും കൊല്ലും, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എല്ലാം ആ ചക്രവ്യൂഹത്തില്‍ പിടയുകയാണ്.’ പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നെഞ്ചില്‍ അണിഞ്ഞിരിക്കുന്ന താമര ചിഹ്നം പ്രതിനിധീകരിക്കുന്ന ചക്രവ്യൂഹത്തിലാണ് ഇന്ത്യ കുടുങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയില്‍ ഒരാള്‍ക്ക് മാത്രമേ പ്രധാനമന്ത്രി പദം സ്വപ്നം കാണാന്‍ കഴിയുകയുള്ളൂ എന്നും മോദിയെ വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു. ബിഹാറിനെയും ആന്ധ്രാപ്രദേശിനെയും മാത്രം പരിഗണിച്ചുള്ള കേന്ദ്ര ബജറ്റിനെയും രാഹുല്‍ കടന്നാക്രമിച്ചു. ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് ബജറ്റ് വേളയില്‍ ഒരക്ഷരം സംസാരിച്ചില്ല, അഗ്‌നി വീറുകള്‍ക്ക് ബജറ്റില്‍ ഒരു രൂപ പോലും നീക്കി വെച്ചില്ല, രാഹുല്‍ പറഞ്ഞു.
മോഹന്‍ ഭഗവത്, അംബാനി, അദാനി എന്നിവരെ രാഹുല്‍ഗാന്ധി പ്രസംഗത്തില്‍ പരാമര്‍ശിച്ചതില്‍ ഭരണപക്ഷം പ്രതിഷേധമുയര്‍ത്തി. പാര്‍ലമെന്റിലില്ലാത്തവരെ കുറിച്ച് പരാമര്‍ശം നടത്തരുതെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും പ്രതികരിച്ചു. അംബാനിയുടെയും അദാനിയുടെയും ദോവലിന്റെയും പേര് വേണമെങ്കില്‍ പ്രസംഗത്തില്‍ ഒഴിവാക്കാമെന്ന് സ്പീക്കര്‍ക്ക് രാഹുല്‍ മറുപടി നല്‍കി.
ഭയത്തിന്റെ അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page