കാസര്‍കോട്: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചലില്‍ കാണാതായ കോഴിക്കോട് സ്വദേശിയും ലോറി ഡ്രൈവറുമായ അര്‍ജുന്റെ രക്ഷയ്ക്ക് മൗന പ്രാര്‍ഥന നടത്തണമെന്ന് മൂന്നാംക്ലാസ് വിദ്യാര്‍ഥിനി അധ്യാപികയോട് അപേക്ഷിച്ചു. കാഞ്ഞങ്ങാട് കടപ്പുറം പിപിടിഎസ് എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയും പഴയകടപ്പുറം സ്വദേശിനിയുമായ ഫാത്തിമത്ത് ഫഹീമയാണ് ഈ അഭ്യര്‍ഥന ഡയറിയിലെഴുതി അധ്യാപികയ്ക്ക് കൈമാറിയത്. കുറിപ്പ് വായിച്ച അധ്യാപികയുടെ കണ്ണ് നിറഞ്ഞു. ക്ലാസിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് അവര്‍ പ്രാര്‍ഥന നടത്തുകയും ചെയ്തു. കുഞ്ഞുമനസിന്റെ അപേക്ഷ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഈ സ്‌കൂളില്‍ എല്ലാ വിദ്യാര്‍ഥികളും ഡയറി എഴുകൊണ്ടുവരണമെന്നും അത് രാവിലെ തന്നെ ടീച്ചറെ ഏല്‍പ്പിക്കണമെന്നും നിബന്ധനയുണ്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഫഹീമ അര്‍ജുന്റെ ജീവനുവേണ്ടി പ്രാര്‍ഥന നടത്താന്‍ ഡയറിക്കുറിപ്പ് എഴുതിയത്. കുഞ്ഞുമനസിലെ മാനവീകതയെ അഭിനന്ദിച്ച ടീച്ചര്‍ കുട്ടിയെ പ്രശംസിച്ചു. പഴയ കടപ്പുറത്തെ പികെ ഫൈസലിന്റെയും മൂന്നാംകടവിലെ തസ്ലീമയുടെയും ഇളയ മകളാണ് ഫാത്തിമത്ത് ഫഹീമ.







