കണ്ണൂര്‍: കാര്‍ തടഞ്ഞു നിര്‍ത്തി അരക്കോടി രൂപ കൊള്ളയടിച്ചു. വെള്ളിയാഴ്ച രാത്രി തൊക്കിലങ്ങാടി, നിര്‍മ്മല ഗിരി കോളേജിനു സമീപത്താണ് സംഭവം. പഴയ സ്വര്‍ണ്ണം വാങ്ങി മഹാരാഷ്ട്രയില്‍ കൊണ്ടു പോയി വില്‍പ്പന നടത്തി മടങ്ങുകയായിരുന്ന മഹാരാഷ്ട്ര സ്വദേശികളാണ് അക്രമത്തിനു ഇരയായത്. കുറ്റ്യാടിയില്‍ താമസിച്ച് പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിക്കുന്ന ബിസിനസ് നടത്തി വരികയായിരുന്നു സംഘം. അഞ്ചു പേരാണ് പണവുമായി സഞ്ചരിച്ചിരുന്നത്. ഇവര്‍ തൊക്കിലങ്ങാടിയില്‍ എത്തിയപ്പോള്‍ മറ്റൊരു കാറിലെത്തിയ സംഘം സ്വര്‍ണ്ണ വ്യാപാരികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. പണവുമായി രക്ഷപ്പെട്ട സംഘത്തെ സ്വര്‍ണ്ണ വ്യാപാരികള്‍ തങ്ങളുടെ കാറുമായി പിന്തുടര്‍ന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ വിവരമറിഞ്ഞ് എത്തിയ കൂത്തുപറമ്പ് എ.സി.പി എം. കൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് അക്രമികള്‍ക്കായി വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കുറ്റ്യാടിയില്‍ താമസിക്കുന്ന സ്വര്‍ണ്ണ വ്യാപാരികളുടെ നീക്കങ്ങള്‍ കൃത്യമായി അറിയുന്ന ആരെങ്കിലുമായിരിക്കും കൊള്ളയ്ക്കു പിന്നിലെന്നു സംശയിക്കുന്നു.
