കാസർകോട് : നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും കവർച്ച. പടിഞ്ഞാറ്റംകൊഴുവൽ സ്വദേശി ടി.വി.രാഗേഷ് കുമാറിന്റെ കൂലോംറോഡിലെ വീട്ടിലാണ് കവർച്ച നടന്നത്. മുൻവാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന് ഷെൽഫിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. വീട്ടിലെ നിരീക്ഷണ ക്യാമറ തല്ലിത്തകർത്ത് ഡിവിആർ കൊണ്ടുപോയിട്ടുണ്ട്. കൂലോം റോഡിൽ നിന്ന് ഗുരുവനത്തേക്കു പോകുന്ന വഴിയിലാണ് ഇരുനില വീട്. എറണാകുളം നേവൽ ബേസിൽ ജോലി ചെയ്യുന്ന രാഗേഷ് കുടുംബസമേതം എറണാകുളത്താണ് താമസം. തൊട്ടടുത്ത ഭാര്യയുടെ കുടുംബവീട്ടിൽ നിന്ന് ഭാര്യയുടെ മാതാപിതാക്കളാണ് വീട്ടിൽ രാപകൽ ഉണ്ടാകാറുള്ളത്. പനിയായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഇവർ ഇങ്ങോട്ടേക്ക് വന്നിരുന്നില്ല. ശനിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടത്. വിവരമറിഞ്ഞ് നീലേശ്വരം എസ്ഐ, വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഭാര്യാ പിതാവ് കെ.ദാമോദരൻ നീലേശ്വരം പൊലീസിൽ പരാതി നൽകി.