കാസര്‍കോട്: കുമ്പള പഞ്ചായത്തില്‍ ഭര്‍ത്താക്കന്മാരുടെ ഭരണമാണെന്നു ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കാര്യസ്ഥന്മാര്‍ ബിനാമികളണെന്നു അവര്‍ പറഞ്ഞു. പഞ്ചായത്തില്‍ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പ് പ്രസിഡന്റിന്റെ അറിവോടെയാണെന്നും അതിനാല്‍ പ്രസിഡന്റ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സുജിത് റൈ, പ്രദീപ്കുമാര്‍, വിവേകാനന്ദ ഷെട്ടി, പഞ്ചായത്തു മെമ്പര്‍മാരായ എസ്.പ്രേമലത, കെ.മോഹനന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 11 ലക്ഷത്തിലധികം രൂപ തട്ടിപ്പാക്കിയ സംഭവത്തില്‍ അക്കൗണ്ടന്റിനെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി രക്ഷപ്പെടാനാണ് പ്രസിഡന്റും ഭരണമുന്നണിയും ശ്രമിക്കുന്നത്. ലക്ഷങ്ങളുടെ ക്രമക്കേട് പ്രസിഡന്റ് അറിഞ്ഞില്ല എന്നത് പഞ്ചായത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്. സംഭവം പുറത്തായതുമുതല്‍ അടിമുടി ദുരൂഹതയാണ്. എന്തോ ഭയപ്പെടുന്നത് പോലെയാണ് പ്രസിഡന്റിന്റെയും ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരുടെയും ശരീര ഭാഷയില്‍ നിന്നും മനസിലാകുന്നത്. അഞ്ച് ലക്ഷം രൂപ തട്ടിപ്പാക്കി എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മാറ്റിപ്പറഞ്ഞു. വിജിലന്‍സിന് പരാതി നല്‍കിയെന്നാണ് വ്യാഴാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റ് പറഞ്ഞത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞാണ് പരാതി നല്‍കിയത്. എല്ലാ കാര്യത്തിലും പച്ചക്കള്ളമാണ് പറയുന്നത്. പഞ്ചായത്ത് അഴിമതിക്കാരുടെ താവളമായി മാറിക്കഴിഞ്ഞു.
അഴിമതിയുടെ കാര്യത്തില്‍ സി.പി.എമ്മും, എസ്.ഡി.പി.ഐയും ഭരണക്കാര്‍ക്കൊപ്പമാണ്.
വിജിലന്‍സില്‍ പരാതി നല്‍കാന്‍ പ്രസിഡന്റിന് ഒപ്പം പോയ സി.പി.എം അംഗത്തിന്റെ പാര്‍ട്ടി തട്ടിപ്പിനെതിരെ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തുന്നത് ആരെ പറ്റിക്കാനാണെന്നു അവര്‍ ആരാഞ്ഞു.
സാമ്പത്തിക ക്രമക്കേട് പുറത്തായതിനു ശേഷം വിളിച്ചുചേര്‍ത്ത അടിയന്തിര ബോര്‍ഡ് യോഗത്തില്‍ രണ്ട് സ്ഥിരം സമിതി അധ്യക്ഷന്മാര്‍ പങ്കെടുത്തില്ല. അവര്‍ ഭരണസമിതി നടത്തുന്ന അഴിമതിക്ക് എതിരെന്നാണ് പറയുന്നത്. അതിന് ശേഷം അവരെ പഞ്ചായത്തില്‍ കാണാനില്ല. അതല്ല, അവരും കൂട്ട് പ്രതികളാണെങ്കില്‍ ഭരണ നേതൃത്വം അതു തുറന്നു പറയണം. ഈ ഭരണ സമിതിയുടെ കാലയളവില്‍ നടന്ന മുഴുവന്‍ സാമ്പത്തിക ഇടപാടുകളും വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി അടുത്ത ദിവസം തന്നെ ബി.ജെ.പി. വിജിലന്‍സിനു പരാതി നല്‍കുമെന്ന് അവര്‍ തുടര്‍ന്നു പറഞ്ഞു.