കാസര്‍കോട്: കാഞ്ഞങ്ങാട്, പടന്നക്കാട് ദേശീയ പാതയോരത്ത് കഞ്ചാവ് കൃഷി കണ്ടെത്തി. ഒരു കടയുടെ മുന്നില്‍ കഞ്ചാവ് ചെടി വളര്‍ന്നു നില്‍ക്കുന്നത് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. വാഹനം നിര്‍ത്തി സമീപത്തെത്തി പരിശോധിച്ചപ്പോഴാണ് മൂന്നു ചെടികള്‍ കൂടി വളര്‍ന്നു നില്‍ക്കുന്നത് കണ്ടത്. ഡിവൈ.എസ്.പി വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ.യും സംഘവും സ്ഥലത്തെത്തി നാലു കഞ്ചാവു ചെടികളും വേരോടെ പിഴുതെടുത്ത് സ്റ്റേഷനിലേക്കു മാറ്റി. ചെടികള്‍ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചതായി ഡിവൈ.എസ്.പി പറഞ്ഞു. ആരാണു കഞ്ചാവ് കൃഷിക്കു പിന്നിലെന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ് പൊലീസ്. ദേശീയ പാതയോരത്ത് കഞ്ചാവു കൃഷി ധൈര്യസമേതം നടത്താന്‍ ആരും തയ്യാറാകില്ലെന്നാണ് പൊലീസിന്റെ നിഗമനം. മനഃപൂര്‍വ്വം നട്ടുവളര്‍ത്തിയതാണെങ്കില്‍ മറ്റു ചെടികളും സമീപത്ത് നട്ട് ശ്രദ്ധ തെറ്റിക്കുമായിരുന്നു. ആരുടെയെങ്കിലും കയ്യില്‍ നിന്നു അബദ്ധത്തില്‍ വീണു മുളച്ചതായിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.