കണ്ണൂര്‍: റിട്ട. എസ്.ബി.ഐ ജീവനക്കാരന്റെ വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണ്ണവും രണ്ടു ലക്ഷം രൂപയുടെ വജ്രമോതിരവും കവര്‍ച്ച ചെയ്ത കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍. ബദിയഡുക്ക, നെല്ലിക്കട്ട, അര്‍ളടുക്കത്ത് താമസക്കാരനായ പാലക്കാട് സ്വദേശി കാജാ ഹുസൈന്‍ (50), ചെങ്കള, ആലമ്പാടിയിലെ അബ്ദുല്‍ ലത്തീഫ് (38) എന്നിവരെയാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്‌ക്വാഡ് പിടികൂടിയത്. തൊണ്ടി മുതലുകള്‍ വിറ്റത് കാസര്‍കോട്ടാണെന്നു പ്രതികള്‍ മൊഴി നല്‍കി. ഇതേ തുടര്‍ന്ന് പ്രതികളെയും കൂട്ടി പൊലീസ് കാസര്‍കോട്ടെത്തി തെളിവെടുപ്പു നടത്തി.
ജൂണ്‍ 19നു മാതമംഗലം-മാത്തുവയല്‍ പാണപ്പുഴ റോഡിലെ മാത്തുവയലിനു സമീപത്തെ റിട്ട. എസ്.ബി.ഐ ജീവനക്കാരന്‍ പി. ജയപ്രസാദിന്റെ വീട്ടില്‍ നടന്ന കവര്‍ച്ചാ കേസിലാണ് അറസ്റ്റ്.
വീട്ടുകാര്‍ ചികിത്സയ്ക്കു പോയ സമയത്തായിരുന്നു കവര്‍ച്ച. കാസര്‍കോട് രജിസ്ട്രേഷനിലുള്ള സ്‌കൂട്ടറില്‍ എത്തിയവരാണ് കവര്‍ച്ച നടത്തിയതെന്നു സിസിടിവി ദൃശ്യത്തില്‍ വ്യക്തമായിരുന്നു. മഴക്കോട്ടും ഹെല്‍മറ്റും ധരിച്ച രണ്ടു പേരാണ് സ്‌കൂട്ടറില്‍ എത്തിയത്. ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കവര്‍ച്ചാ കേസിലെ മുഖ്യപ്രതിയായ ഒരാളെ കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന ആളാണ് വീട്ടില്‍ കയറി കവര്‍ച്ച നടത്തിയ ശേഷം കവര്‍ച്ചാ മുതലുകള്‍ ഹുസൈനും അബ്ദുല്‍ ലത്തീഫിനും കൈമാറിയതെന്നു കൂട്ടിച്ചേര്‍ത്തു. പാലക്കാട് സ്വദേശിയായ കാജാഹുസൈന്‍ അടുത്തിടെയാണ് ചെര്‍ളടുക്കയില്‍ താമസം തുടങ്ങിയത്.
