കാസര്‍കോട്: കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ച് മാതൃക കാണിച്ച ഓട്ടോ ഡ്രൈവര്‍ക്ക് സ്‌കൂളിന്റെ ആദരം. കുമ്പളയിലെ ഓട്ടോഡ്രൈവര്‍ കൊടിയമ്മ, പുളിക്കുണ്ടിലെ സല്‍ത്തു മുഹമ്മദിനെയാണ് കുമ്പള ജി എസ് ബി എസ് അധികൃതര്‍ ആദരിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് കുമാര്‍ സല്‍ത്തു മുഹമ്മദിനെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. ഒരു മാസം മുമ്പാണ് ആദരവിനു അര്‍ഹനാക്കിയ സംഭവം. രാവിലെ പതിവുപോലെ സെന്റ് മോണിക്ക സ്‌കൂളിലേയ്ക്ക് കുട്ടികളുമായി പോവുകയായിരുന്നു മുഹമ്മദ്. സ്‌കൂള്‍ റോഡിലെത്തിയപ്പോള്‍ ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നത് കണ്ടു. കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി ചോരയില്‍ കുളിച്ച് നിലവിളിച്ചു കൊണ്ടിരിക്കുന്നു. ചിലര്‍ ഫോട്ടോയെടുക്കുന്നു. മറ്റു ചിലര്‍ നിസ്സാഹയരായി നില്‍ക്കുന്നു. ഇതോടെ സല്‍ത്തു മുഹമ്മദിലെ മനുഷ്യത്വം ഉണര്‍ന്നു. തന്റെ ഓട്ടോയില്‍ ഉണ്ടായിരുന്ന കുട്ടികളെ ഇറക്കി കടവരാന്തയില്‍ നിര്‍ത്തി. ചോരയില്‍ കുളിച്ച വിദ്യാര്‍ത്ഥിയെ വാരിയെടുത്ത് തന്റെ ഓട്ടോയില്‍ കയറ്റി ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ച് അടിയന്തര ശുശ്രൂഷ ഉറപ്പു വരുത്തി. അതിനു ശേഷം അപകട സ്ഥലത്തെത്തി കുട്ടികളെ ഓട്ടോയില്‍ സ്‌കൂളിലെത്തിച്ചാണ് മുഹമ്മദ് മടങ്ങിയത്.
കൂടുതല്‍ ആരും അറിയാതെ പോയ സംഭവം ആദ്യം ആരും അത്രയ്ക്ക് കണക്കിലെടുത്തിരുന്നില്ല. പിന്നീടാണ് സല്‍പ്രവൃത്തിയെ അംഗീകരിച്ചാദരിക്കാന്‍ തീരുമാനിച്ചത്.