കാസര്‍കോട്: മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഖത്തര്‍ സ്വദേശിനിയില്‍ നിന്നു ഒരു ലക്ഷം ഖത്തര്‍ റിയാല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. ന്യൂദെല്‍ഹിയിലെ ഖത്തര്‍ എംബസിയുടെ സഹായത്തോടെ കാസര്‍കോട്ടെത്തിയ സ്ത്രീ നല്‍കിയ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തു. ബേക്കല്‍,ഹദ്ദാദ്‌നഗര്‍ സ്വദേശി അറഫാത്തിനെതിരെ ബേക്കല്‍ പൊലീസാണ് കേസെടുത്തത്.
ഖത്തര്‍ സ്വദേശിനിയുടെ കമ്പനിയിലെ ജീവനക്കാരനായിരുന്നു അറഫാത്ത്. കുടുംബത്തിന്റെ വിശ്വസ്തനായി മാറിയ ഇയാള്‍ക്ക് ഒരു ഐ പോഡ് നല്‍കിയിരുന്നു. ഉപയോഗിച്ചുകൊണ്ടിരുന്ന ഐപോഡിലെ മെസേജുകളും ചിത്രങ്ങളുമെല്ലാം നീക്കം ചെയ്ത ശേഷമായിരുന്നു കൈമാറിയത്. പിന്നീട് അറഫാത്തിനെ ഗുരുതരമായ തെറ്റിനു ജോലിയില്‍ നിന്നു ഒഴിവാക്കി. എന്നാല്‍ നേരത്തെ ഡിലീറ്റ് ചെയ്ത ചിത്രങ്ങളെല്ലാം അറഫാത്ത് വീണ്ടെടുക്കുകയായിരുന്നുവത്രെ. ഇങ്ങിനെ ലഭിച്ച ഫോട്ടോ മോര്‍ഫ് ചെയ്ത് സ്ത്രീയുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്തു. കൂടുതല്‍ പേര്‍ക്കു അയച്ചു കൊടുക്കാതിരിക്കണമെങ്കില്‍ ഒരു ലക്ഷം ഖത്തര്‍ റിയാല്‍ നല്‍കണമെന്നായിരുന്നു ഭീഷണി. തുടര്‍ന്നാണ് സ്ത്രീ പരാതിയുമായി കേരളത്തിലെത്തിയത്.
