കാസര്‍കോട്: നീലേശ്വരം-പാലായി റോഡില്‍ മൂന്നാം കുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യഷോപ്പില്‍ കവര്‍ച്ച. ഒാഫീസ് റൂമില്‍ കെട്ടിവച്ചിരുന്ന പത്തായിരത്തോളം രൂപയുടെ നാണയങ്ങളും ഒരു ഡിവിആറും മോഷണം പോയിട്ടുണ്ട്. എത്ര അളവിലുള്ള മദ്യം നഷ്ടപ്പെട്ടിട്ടുണ്ടെന്നു വ്യക്തമല്ല. സ്റ്റോക്കെടുപ്പ് നടത്തിയാലെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളുവെന്നും ഷോപ്പിന് ഇന്നു അവധിയായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇരുനില കെട്ടിടത്തിലാണ് മദ്യഷോപ്പ് പ്രവര്‍ത്തിക്കുന്നത്. ഒന്നാം നിലയില്‍ കയറിയ കള്ളന്മാര്‍ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് അകത്തു കടന്നത്. പൂട്ടുകളും സിസിടിവി ക്യാമറകളും തകര്‍ത്തതായി മാനേജര്‍ മനോജ് കുമാര്‍ നീലേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. എസ്‌ഐമാരായ വിഷ്ണുപ്രസാദ്, രതീഷ്, മധുസൂദനന്‍ മടിക്കൈ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ്-ഫോറന്‍സിക് സ്‌ക്വാഡും സ്ഥലത്തെത്തി സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളും പരിശോധിച്ചു വരുന്നു.
