ബംഗ്‌ളൂരു: ഐസ്‌ക്രീം നല്‍കാമെന്നു പറഞ്ഞ് നാലു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനു ഇരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരകൃത്യം നടത്തിയ പ്രതിയെ വെടിവെച്ചു കൊലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, നാട്ടുകാര്‍ തഹസില്‍ദാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ബംഗ്‌ളൂരു, രാമനഗര്‍, മാഗാഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം. ഇമ്രാന്‍ഖാന്‍ (45)എന്നയാളാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാള്‍ ബന്ധുവായ പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോള്‍ ഐസ്‌ക്രീം വാങ്ങിനല്‍കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ തിരിച്ചെത്തിക്കാത്തതിനെ തുടര്‍ന്ന് ഇമ്രാന്‍ഖാനെ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടു. പെണ്‍കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചിരുന്നുവെന്നും മറ്റൊന്നും തനിക്ക് അറിയില്ലെന്നും പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞുമാറി. ഇതോടെ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാര്‍ മാഗാഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായ അതിക്രമത്തിനു ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. ഇതിനിടയില്‍ ഇമ്രാന്‍ഖാന്‍ ഒളിവില്‍ പോയിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഖളസിപാളയത്തു വച്ച് പൊലീസ് പിടികൂടിയത്. ഇയാളെ മാഗാഡിയില്‍ എത്തിച്ച വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ സംഘടിതരാവുകയും തഹസില്‍ദാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി പ്രതിയെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
