കുടുംബ കലഹത്തെ തുടര്‍ന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ കിണറ്റില്‍ ചാടി. വിവരത്തെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്‌സ് വട്ടംകറങ്ങിയത് മണിക്കൂറുകളോളം. പത്തനംതിട്ട കൊടുമണ്‍ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ് (41) ആണ് ഫയര്‍ഫോഴ്‌സിനെ 80 അടി ആഴമുള്ള കിണറ്റില്‍ ചാടിച്ചത്. രാത്രി 10 മണിയോടെ വീട്ടില്‍ വഴക്കു നടന്നുവെന്നും 11 മണിയോടെ ജോസ് പുറത്തിറങ്ങുകയും തുടര്‍ന്ന് കിണറ്റില്‍ എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടു എന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്. ജോസ് കിണറ്റില്‍ ചാടിയെന്ന സംശയത്തെത്തുടര്‍ന്ന് രാത്രി തന്നെ അടൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തിയിരുന്നു.
പാതാള കരണ്ടികൊണ്ടും ആളുകളെ കിണറ്റിലിറക്കിയും തെരച്ചില്‍ നടത്തി. പിന്നീട് കണ്ടെത്താനാവാതെ തിരിച്ചുപോയി. ഒടുവില്‍ തൊട്ടടുത്തുള്ള ആള്‍ താമസമില്ലാത്ത വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങുന്നനിലയില്‍ യുവാവിനെ രാവിലെ കണ്ടെത്തുകയായിരുന്നു