കാസര്‍കോട്: കുമ്പള, കുന്നില്‍പ്പര തറവാട്ടില്‍ നിന്നു തിരുവാഭരണങ്ങളും തിരുവായുധങ്ങളും കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കി. കുമ്പള എസ് ഐ വി കെ വിജയന്റെ നേതൃത്വത്തില്‍ തറവാട് പള്ളിയറയിലും കുടുംബ വീട്ടിലും പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധന്‍ പി നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പള്ളിയറയുടെ ചുമരില്‍ നിന്നു മൂന്നു വിരലടയാളങ്ങള്‍ കണ്ടെത്തി. ഇത് ആരുടേതാണെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുന്നു.
കവര്‍ച്ച നടന്നുവെന്നു സംശയിക്കുന്ന ദിവസം തറവാട് ക്ഷേത്രത്തില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച് തറവാട് കമ്മിറ്റി ഭാരവാഹികള്‍ കെ എസ് ഇ ബി അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. മറ്റു അത്യാവശ്യ പ്രവൃത്തികള്‍ ഉണ്ടായിരുന്നതിനാല്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ച്ചയായി വൈദ്യുതി ഇല്ലാത്തതിനാല്‍ ഇന്‍വര്‍ട്ടറിന്റെ പ്രവര്‍ത്തനവും നിലച്ചു. ഇതോടെ സി സി ടി വി ക്യാമറകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ഇതു മനസ്സിലാക്കിയ ആരെങ്കിലും ആയിരിക്കും കവര്‍ച്ചയ്ക്കു പിന്നിലെന്നു സംശയിക്കുന്നു. വെള്ളികെട്ടിയ വാളും നിരവധി ഓട്ടുവിളക്കുകളുമടക്കമുള്ള സാധനങ്ങള്‍ കവര്‍ച്ച പോയതിനാല്‍ ഏതെങ്കിലും വാഹനത്തില്‍ എത്തിയവരായിരിക്കും കവര്‍ച്ചയ്ക്കു പിന്നിലെന്നു സംശയിക്കുന്നു. വാഹനം കണ്ടെത്തുന്നതിനു സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളുടെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.