കാസര്‍കോട്: കുമ്പള, കുന്നില്‍പ്പര തറവാട്ടില്‍ കവര്‍ച്ച. തിരുവാഭരണങ്ങളും തിരുവായുധങ്ങളും നഷ്ടപ്പെട്ടു. ശനിയാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. ഞായറാഴ്ച വൈകുന്നേരം നിത്യനൈമിത്തിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ എത്തിയവരാണ് കവര്‍ച്ച നടന്ന വിവരം ആദ്യം അറിഞ്ഞത്. പള്ളിയറയുടെയും കുടുംബവീടിന്റെയും വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. ഒന്നരപ്പവന്‍ തൂക്കമുള്ള കത്തി, പൂവ്, വയനാട്ടുകുലവന്‍, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ തിരുവായുധങ്ങള്‍, ഓട്ടുവിളക്ക്, കാണിക്കപ്പെട്ടി, 25 പുതിയ ഓട്ടുവിളക്കുകള്‍, മുടിപ്പു വെങ്കിട്ടരമണ ക്ഷേത്രത്തിലേക്കുള്ള കാണിക്കഡബ്ബി എന്നിവയാണ് നഷ്ടപ്പെട്ടത്. കവര്‍ച്ച സംബന്ധിച്ച് കുമ്പള ശബരശങ്കര സേവാ സമിതി എക്സിക്യുട്ടീവ് അംഗം മനോഹര്‍ കുമ്പള പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം കോയിപ്പാടിയിലെ വീട്ടില്‍ നിന്നു സ്വര്‍ണ്ണവും പുതിയ മൊബൈല്‍ ഫോണും കവര്‍ച്ച പോയതിനു പിന്നാലെയാണ് തറവാട് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്.