മീന്‍ വണ്ടികളിലെത്തി കവര്‍ച്ച; കുമ്പളയില്‍ കവര്‍ച്ച നടത്തിയ രണ്ടു പേര്‍ ഇരിക്കൂറില്‍ അറസ്റ്റില്‍

 

കാസര്‍കോട്: മീന്‍ കയറ്റിയ വാഹനങ്ങളിലെത്തി കുമ്പളയില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിയ രണ്ടംഗസംഘം അറസ്റ്റില്‍. കര്‍ണ്ണാടക സാഗര്‍, ഫസ്റ്റ്ക്രോസ് എന്‍.എന്‍ നഗറിലെ മുഹമ്മദ് ജാക്കിര്‍ (32), സാഗര്‍, ഫിഫ്ത്ത് ക്രോസ് ജന്നത്ത് നഗറിലെ നൗഫല്‍ (32) എന്നിവരെയാണ് ഇരിക്കൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ രാജേഷ് ആയോടനും എസ്.ഐ. പി ബാബുവും അറസ്റ്റു ചെയ്തത്.
ജൂണ്‍ രണ്ടിന് പുലര്‍ച്ചെ പടിയൂര്‍, പൂവ്വംറോഡിലെ അധ്യാപകന്‍ അബ്ദുല്‍ ഷബാഹിന്റെ വീട്ടില്‍ നടന്ന കവര്‍ച്ചാ ശ്രമക്കേസിലാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.
അബ്ദുല്‍ ഷബാഹിന്റെ വീട്ടിലെ മൂന്നു സിസിടിവി ക്യാമറകള്‍ തുണിയും തോര്‍ത്തും കൊണ്ടു മറച്ച ശേഷം അടുക്കള വാതിലിന്റെ ഇരുമ്പു കമ്പികള്‍ തകര്‍ത്താണ് ഇരുവരും വീട്ടിനകത്ത് കടന്നത്. ഒരു കിടപ്പുമുറിയിലെ അലമാര തകര്‍ത്ത് സാധനങ്ങളെല്ലാം വാരി വലിച്ചിട്ടുവെങ്കിലും ഒന്നും ലഭിച്ചില്ല. തൊട്ടടുത്ത മുറിയില്‍ അധ്യാപകനും കുടുംബവും ഉറങ്ങിക്കിടക്കുകയായിരുന്നു. ആ മുറിയില്‍ നിന്നു ശബ്ദം കേട്ട കവര്‍ച്ചക്കാര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീട്ടുകാര്‍ ഉണര്‍ന്നിരുന്നില്ല. പുലര്‍ച്ചെ എഴുന്നേറ്റപ്പോഴാണ് കവര്‍ച്ചാ ശ്രമം നടന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്. അബ്ദുല്‍ ഷഹാബ് നല്‍കിയ പരാതിയില്‍ ഇരിക്കൂര്‍ പൊലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി 200 ല്‍പ്പരം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.
മത്സ്യം കയറ്റിയ വണ്ടികളില്‍ സ്ഥിരമായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലേക്കു വരുന്നവരാണ് നൗഫലും ജാക്കിറും. മത്സ്യവുമായി വരുമ്പോള്‍ കടകളും വീടുകളും കണ്ടുവയ്ക്കും. പുലര്‍ച്ചെ കവര്‍ച്ച നടത്തി രക്ഷപ്പെടുകയാണ് ഇവരുടെ പതിവെന്ന് പൊലീസ് പറഞ്ഞു. കുമ്പളയിലും കണ്ണൂരിലെ വിവിധ സ്ഥലങ്ങളിലും കവര്‍ച്ച നടത്തിയ സംഘമാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു. സംഘം ഇരിക്കൂറില്‍ കവര്‍ച്ചക്കു എത്തിയപ്പോള്‍ വണ്ടിയില്‍ മത്സ്യം ഉണ്ടായിരുന്നില്ല. മീന്‍ കയറ്റിയ വാഹനമാണെന്നു വരുത്തിതീര്‍ക്കാനായി നാടുകാണിയില്‍ നിന്നു മീന്‍പ്പെട്ടികള്‍ കൈക്കലാക്കിയാണ് സംഘം എത്തിയതെന്നു പൊലീസ് പറഞ്ഞു.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page