കാസര്‍കോട്: കുമ്പളയിലെ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് കെട്ടിടത്തിന് ശാപമോക്ഷം. കുമ്പള ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം പഴകി ദ്രവിച്ച് തകര്‍ന്നുവീണുകൊണ്ടിരുന്ന രണ്ട് പി.ഡബ്ലിയു.ഡി കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി. സ്‌കൂളിനടുത്തുള്ള കെട്ടിടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായതിനാല്‍ പിടിഎയും അധ്യാപകരും നാട്ടുകാരും ലക്കി സ്റ്റാര്‍ ക്ലബ് അംഗങ്ങളും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആശങ്കപ്പെട്ടിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസും, അനുബന്ധ കെട്ടിടവുമാണ് ഭീഷണിയായി നിന്നിരുന്നത്. സ്‌കൂളിലേക്ക് നേരത്തെ എത്തുന്ന വിദ്യാര്‍ത്ഥികളും, ഇടവേളകളില്‍ പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളുമൊക്കെ മൈതാനത്തിന് സമീപം തകര്‍ന്നു വീണുകൊണ്ടി
രുന്ന കെട്ടിടത്തിനടുത്തേക്കാണ് പോകാറുണ്ടായിരുന്നത്. 50 വര്‍ഷത്തിലേറെ പഴക്കം ഇരു കെട്ടിടങ്ങള്‍ക്കുമുണ്ടായിരുന്നു. പണ്ടു മന്ത്രിമാര്‍ക്കും മറ്റും വിശ്രമത്തിനൊരുക്കിയതാണ് ഈ കെട്ടിടങ്ങള്‍. പിന്നീടത് പി.ഡബ്ല്യു.ഡി ഉപേക്ഷിക്കുകയായിരുന്നു. രണ്ടായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന കുമ്പള ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും, യുപിയിലെയും വിദ്യാര്‍ത്ഥികള്‍ അപകടഭീഷണി ഉയര്‍ത്തുന്ന ഈ കെട്ടിടങ്ങള്‍ക്കരികിലൂടെയാണ് വഴി നടക്കുകയും, വിശ്രമവേളകളില്‍ കളിക്കുകയും ചെയ്തിരുന്നത്. കളിക്കിടെ മഴപെയ്താല്‍ ഈ കെട്ടിടത്തിനുള്ളില്‍ കയറിയാണ് കുട്ടികള്‍ നില്‍ക്കാറുണ്ടായിരുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പു കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റണമെന്ന് നാട്ടുകാരും, പിടിഎയും ആവശ്യപെട്ടിരുന്നു.