വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത് എന്ന് തുടങ്ങുന്നതാണ് ഭാമയുടെ പോസ്റ്റ്. ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലാണ് ഭാമ തന്റെ കുറിപ്പ് പങ്കുവച്ചിട്ടുള്ളത്. സ്ത്രീധനത്തെക്കുറിച്ചും ഭര്‍തൃവീട്ടിലെ പീഡനത്തെക്കുറിച്ചുമൊക്കെയാണ് ഭാമ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലുള്ളത്.
‘വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ട് വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’, ഇതാണ്
ഭാമ കുറിച്ചത്. സ്ത്രീധനത്തെക്കുറിച്ചും ഭര്‍തൃ വീട്ടില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള വാക്കുകളാണിത്.
ഭാമയുടെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട് പ്രേക്ഷകര്‍ക്കിടയില്‍ നേരത്തെ തന്നെ ഊഹാപോഹങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. നേരത്തെ മകള്‍ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിള്‍ മദറാണെന്ന് ഭാമ തുറന്നു പറഞ്ഞിരുന്നു. സിംഗിള്‍ മദറാകുന്നതിനെക്കുറിച്ചും, അത് തനിക്കു നല്‍കിയ ഊര്‍ജ്ജത്തെക്കുറിച്ചുമുള്ള കുറിപ്പ് ഇതിനു ചിത്രത്തിനൊപ്പം താരം ചേര്‍ത്തിരുന്നു.
2020ല്‍ വിവാഹിതയായ ഭാമയുടെ വേര്‍പിരിയല്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തിലൊരു കുറിപ്പ് താരം പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ നിന്നും ഒഴിവാക്കിയതും ഏറെ ചര്‍ച്ചാവിഷയമായിരുന്നു. പിന്നീട് മകളുമൊത്തുള്ള ചിത്രങ്ങളാണ് അധികവും പങ്കുവെയ്ക്കാറുള്ളത്.
എന്നാല്‍ വേര്‍പിരിയല്‍ വാര്‍ത്തകളോട് താരവും ഭര്‍ത്താവ് അരുണും ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹത്തിനു ശേഷം അഭിനയ ജീവതത്തില്‍ നിന്നും മാറി നിന്ന ഭാമ മകള്‍ ജനിച്ചതിനു ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി തുടങ്ങിയത്. അടുത്തിടെ നടന്ന താര വിവാഹങ്ങള്‍ക്കും മറ്റും ഭാമ തനിയെയാണ് എത്തിയത്. ലേഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യ’മാണ് ഭാമയുടെ ആദ്യ ചിത്രം. അഭിനയത്തില്‍ നിന്നും ഇടവേള എടുത്തുവെങ്കിലും ‘വാസുകി’ എന്ന വസ്ത്ര ബ്രാന്‍ഡിന് ഉടമയാണ് താരം.