കാസര്‍കോട്: മദ്രസയിലേക്ക് നടന്നു പോകുന്നതിനിടയില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആരാണെന്നു കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. പീഡനത്തിനു ഇരയായ പെണ്‍കുട്ടി നല്‍കിയ മൊഴി അനുസരിച്ച് ഒരാളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തുവെങ്കിലും പ്രതിയാണെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ആളെ വിട്ടയച്ചു. ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് സൂചന.
ജൂണ്‍ 18ന് രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ വാഹനത്തിലെത്തിയ ഒരാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകുകയുമായിരുന്നുവെന്നുമാണ് പരാതി. പിന്നീട് ആളൊഴിഞ്ഞ കെട്ടിടത്തിനകത്തു എത്തിച്ച് മുറി പൂട്ടി പീഡിപ്പിച്ചുവെന്നും ശബ്ദം പുറത്തുവരാതിരിക്കാനായി കുട്ടി ധരിച്ചിരുന്ന ഷാള്‍ വായില്‍ തിരുകിയതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഭയം കാരണം പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. ഏതാനും ദിവസം മുമ്പ് പെണ്‍കുട്ടി തന്റെ മൂത്ത സഹോദരിയോട് വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയതും പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തതും. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി കണ്ടെത്തിയ കെട്ടിടത്തിനു സമീപത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. ഇതോടൊപ്പം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും എടുക്കാനുള്ള ആലോചനയും പൊലീസിനുണ്ട്.
