കാസര്‍കോട്: വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒഡീസാ തീരത്ത് എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദപ്പാത്തി ഉടലെടുക്കുമെന്നും ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായി വീടുകളിലെത്തി ചേരുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. സ്‌കൂളില്‍ പോയ കുട്ടികള്‍ തിരിച്ചെത്തിച്ചേരുന്നുവെന്നു ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കി.
ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിനായി നാലു താലൂക്കുകളിലും ഉന്നത ഉദ്യോഗസ്ഥരെ ചുമതല ഏല്‍പ്പിച്ചു. മഞ്ചേശ്വരത്ത് എ.ഡി.എം കെ.വി ശ്രുതിക്കും വെള്ളരിക്കുണ്ടില്‍ സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദിനും കാസര്‍കോട്ട് ഡപ്യൂട്ടി കളക്ടര്‍ സുര്‍ജിത്തിനും ഹൊസ്ദുര്‍ഗില്‍ തഹസില്‍ദാര്‍ എം. മായക്കുമാണ് ചുമതല.