കണ്ണൂര്‍: പയ്യന്നൂര്‍, കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിനിടയില്‍ മോഷണം പോയ സ്‌കൂട്ടറുമായി യുവാവ് അറസ്റ്റില്‍. പെരിങ്ങോം, കൊരങ്ങാട്, ബത്താലിഹൗസില്‍ ബി. ഫാസിലി(26)നെയാണ് പയ്യന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീഹരിയുടെ നേതൃത്വത്തില്‍ എസ്.ഐ പി.എ ടോമി അറസ്റ്റു ചെയ്തത്. കാപ്പാട്ട് പെരുങ്കളിയാട്ടത്തിനിടയില്‍ ഫെബ്രുവരി 28ന് രാത്രിയാണ് കേളോത്ത് ഖാദി സെന്ററിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയത്. കളിയാട്ടം കാണാന്‍ പോയ കുന്നരു, കാരന്താട് സ്വദേശി സിനാജ് തിരിച്ചെത്തിയപ്പോഴാണ് തന്റെ സ്‌കൂട്ടര്‍ കാണാതായ കാര്യം അറിഞ്ഞത്. സിനാജിന്റെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടയില്‍ മോഷണം പോയ സ്‌കൂട്ടര്‍ മലപ്പുറം, തിരൂരില്‍ ഒരാള്‍ ഓടിച്ചു പോകുന്ന ദൃശ്യം പൊലീസിനു ലഭിച്ചു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫാസില്‍ പിടിയിലായത്. നേരത്തെ ചന്തേരയില്‍ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലും പ്രതിയാണ് ഇയാള്‍. മോഷ്ടിക്കുന്ന ഇരുചക്രവാഹനങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടക്കുകയാണ് ഇയാളുടെ വിനോദമെന്നു പൊലീസ് പറഞ്ഞു.
