തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂര്‍ ഭാഗത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫര്‍ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജോയിയുടെ മരണത്തോടെ നിരാലംബയായ ജോയിയുടെ വൃദ്ധമാതാവിനെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. സ്ഥലം എംഎല്‍എ കൂടിയായ സികെ ഹരീന്ദ്രന്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ജോയിയുടെ കുടുംബത്തിന് ധന സഹായം നല്‍കുന്ന കാര്യം തങ്ങള്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രകൃതിദുരന്തത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനമായി. ഉരുള്‍പൊട്ടലിലും പേമാരിയിലും വീട് നിര്‍മ്മാണത്തിന് സംഭരിച്ച നിര്‍മ്മാണ സാമഗ്രികള്‍ നഷ്ടപ്പെട്ടു പോയതിനും സ്ഥലം വാസയോഗ്യമല്ലാതായതിനും പരിഹാരമായി അനുയോജ്യമായ സ്ഥലം വാങ്ങുന്നതിന് കോട്ടയം പൂവരണി സ്വദേശി സോബിച്ചന്‍ അബ്രഹാമിന് 6 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ചു. ഭൂമി ഉള്‍പൊട്ടല്‍ സാധ്യതാ പ്രദേശത്ത് ഉള്‍പ്പെട്ടിട്ടുള്ളതിനാലും പ്രസ്തുത സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുള്ളതിനാലും പ്രത്യേക കേസായി പരിഗണിച്ചാണ് ധനസഹായം.
തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ആരോമല്‍ ബി അനിലിന് തിരുവനന്തപുരത്ത് പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പൂച്ചെടിവിള പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലില്‍ വാച്ച്മാന്‍ തസ്തികയില്‍ നിയമനം നല്‍കും.
കൊല്ലം ചിതറ സ്വദേശി ബി എ അഖിലയ്ക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഒഫീസിന് കീഴില്‍ എല്‍ ഡി ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കും. അതിക്രമത്തിന് ഇരയായി മരണപ്പെടുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്‍കുന്ന പദ്ധതി പ്രകാരമാണിത്. അഖിലയുടെ പിതാവ് അശോക് കുമാര്‍ 2017 ഏപ്രില്‍ 23ന് ആക്രമണത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.