തിരുവനന്തപുരം: സംസ്ഥാനത്ത് മാസപ്പിറവി കണ്ടത് പ്രകാരം മുഹറം പത്ത് ബുധനാഴ്ച. പൊതുഅവധി നേരത്തെ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച തന്നെയാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അറബിക് മാസമായ മുഹറം പത്തിനാണ് പൊതുഅവധി നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം സർക്കാർ നേരത്തെ നിശ്ചയിച്ച അവധി ചൊവ്വാഴ്ചയാണ്. എന്നാൽ മുഹറം ബുധനാഴ്ചയായതോടെ അവധി മാറ്റുമെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ ചൊവ്വാഴ്ചത്തെ അവധിയിൽ സർക്കാർ മാറ്റംവരുത്തിയിട്ടില്ല.നേരത്തേ, ബുധനാഴ്ച അവധി നൽകണമെന്നു പാളയം ഇമാം സർക്കാരിനു കത്തു നൽകിയിരുന്നു. ഇതോടെയാണ് അവധി മാറ്റുമെന്നു വ്യാപക പ്രചരണം ഉണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച അവധിയാണ്. കനത്ത മഴ തുടരുന്നതിനാൽ നാളത്തെ മുഹറം പൊതു അവധി പുന:ക്രമീകരിക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
അതിനാൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ പൊതു അവധിയായിരിക്കും.