കോഴിക്കോട് : പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. പിഎസ്‌സി കോഴയുമായി ബന്ധപ്പെട്ട് ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയതിനുമാണ് നടപടിയെന്നും പി മോഹനന്‍ മാധ്യമങ്ങളെ അറിയിച്ചു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് എല്ലാ വശങ്ങളും പരിശോധിച്ചാണ് നടപടി. ഏകകണ്ഠമായാണ് പ്രമോദിനെ പുറത്താക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റിയെടുത്തതെന്നും പി മോഹനന്‍ പറഞ്ഞു. കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റിയംഗമാണ് പ്രമോദ്.
വിഷയത്തിൽ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയ നാലംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് പ്രമോദിന് എതിരായിരുന്നു. എം ഗിരീഷ്, കെ കെ ദിനേശൻ, മാമ്പറ്റ ശ്രീധരൻ, പി കെ മുകുന്ദൻ എന്നിവർ അടങ്ങുന്ന കമ്മിഷനാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണ കമ്മിഷന് മുന്നിൽ കുറ്റം ഏറ്റുപറയുകയായിരുന്നു പ്രമോദ് കോട്ടൂളി. തുടർന്ന് പ്രമോദിനോട് വിശദീകരണം എഴുതി വാങ്ങുകയായിരുന്നു.
അതേസമയം പാർട്ടി നടപടിയെക്കു റിച്ച് വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് പ്രമോദ് കോട്ടൂളി പറയുന്നത്. സാധാരണഗതിയിൽ നടപടിയെടുത്താൽ അത് തന്റെ ഏരിയ കമ്മിറ്റി തന്നെ അറിയിക്കേണ്ടതുണ്ട്. 22 ലക്ഷം രൂപ താൻ വാങ്ങിച്ചിട്ടുണ്ടെങ്കിൽ അത് തെളിയിക്കണമെന്നുമാണ് പ്രമോദ് പറയുന്നത്. താൻ കോഴ നൽകാൻ ആരോടെങ്കിലും ആവശ്യപ്പെട്ടെന്നോ, ഏതെങ്കിലും റിയൽ എസ്റ്റേറ്റ് മാഫിയയുമായി എന്തെങ്കിലും ബന്ധമുണ്ടായിട്ടുണ്ടെന്നോ തെളിയിക്കൂ എന്നാണ് പ്രമോദ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തന്നെ കുടുക്കാൻ ശ്രമിച്ചവരുടെ പേരുകൾ പറയുമെന്നും, പരാതിക്കാരനായ ശ്രീജിത്തിന്റെ വീട്ടിലേക്ക് താൻ പോവുകയാണെന്നും താൻ എവിടെനിന്ന് കോഴവാങ്ങിയെന്ന മറുപടി ലഭിക്കുന്നതുവരെ ശ്രീജിത്തിന്റെ വീട്ടിൽ കുത്തിയിരിക്കുമെന്നും പ്രമോദ് കോട്ടൂളി പറയുന്നു.
കോഴിക്കോട്ടെ ഹോമിയോ ഡോക്ടർ ദമ്പതികളാണ് പ്രമോദിനെതിരെ പാർട്ടിക്ക് പരാതി നൽകിയത്. 60 ലക്ഷമാണ് ചോദിച്ചതെന്നും 22 ലക്ഷം കൈമാറിയെന്നുമെന്നുമായിരുന്നു ആരോപണം.
സിഐടിയു നേതാവായിരുന്നു കൂടിയായ പ്രമോദ്. മന്ത്രി മുഹമ്മദ് റിയാസിന്റെ അയൽവാസി കൂടിയാണ്. മന്ത്രി മുഖേനെ പിഎസ്‍സി അംഗത്വം തരപ്പെടുത്താമെന്നാണ് തങ്ങളെ വിശ്വസിപ്പിച്ചതെന്നാണ് ദമ്പതികളുടെ പരാതി.
