പെരിയ: വിട പറഞ്ഞ കേരളത്തിന്‍റെ ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക് കാസർകോടുമായി ഉണ്ടായിരുന്നത് അടുത്ത ബന്ധം. കാസർകോട് പെരിയയെ സ്വന്തം ജന്മനാടായ പുതുപ്പള്ളിയെപ്പോലെ തന്നെ അദ്ദേഹം ഏറെ സ്‌നേഹിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്‌തിരുന്നു. കാസര്‍കോട് ജില്ലയില്‍ വരുമ്പോഴെല്ലാം പെരിയ സന്ദര്‍ശിക്കാതെ അദ്ദേഹം മടങ്ങാറുണ്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായിരുന്ന പരേതനായ പി ഗംഗാധരന്‍ നായരുമായുള്ള സുദൃഢ ബന്ധമായിരുന്നു അതിന് പ്രധാന കാരണം. ഉമ്മന്‍ചാണ്ടിയുടെ വലം കൈയായിട്ടായിരുന്നു ഗംഗാധരന്‍ നായര്‍ അറിയപ്പെട്ടിരുന്നത്. മാത്രമല്ല കാസര്‍കോട്ടെ അദ്ദേഹത്തിന്റെ പ്രതിനിധിയായും പി ഗംഗാധരന്‍ നായര്‍ അറിയപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും കാസര്‍കോട്ടെത്തുമ്പോള്‍ അദ്ദേഹം പെരിയ ദേശീയപാതക്കടുത്തുള്ള ഗംഗാധരന്‍ നായരുടെ വീട്ടിലെത്തുമായിരുന്നു. ഉമ്മന്‍ചാണ്ടിയെത്തുമ്പോഴെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം വൻ ആള്‍ക്കൂട്ടം അദ്ദേഹത്തെ കാണാനും അഭിവാദ്യമര്‍പ്പിക്കാനുമായി അവിടെ എത്തിയുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെയും അദ്ദേഹം ഗംഗാധരന്‍ നായരുടെ വീട് സന്ദർശിച്ചിരുന്നു. കലാസാഹിത്യ പ്രതിഭകളോടും അടുത്ത ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. അദ്ദേഹം. പ്രമുഖ കന്നഡ സാഹിത്യ കാരനും ഗാന്ധിയനുമായിരുന്ന കയ്യാർ കിഞ്ഞണ്ണറൈയെക്കുറിച്ചു ചിത്രീകരിച്ച ഡോക്യുമെന്ററി പ്രകാശനം ചെയ്‌തത് ഉമ്മൻചാണ്ടിയായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ബദിയഡുക്കയിലെത്തി ഡോക്യുമെന്ററി പ്രകാശനം ചെയ്‌ത അദ്ദേഹം നാട്ടുകാരുടെയും കലാ-സാഹിത്യ ആസ്വാദകരുടെയും മനസ്സില്‍ ഇപ്പോഴും തെളിഞ്ഞു ഓർമ്മയാണ്.