ബംഗളൂരു: ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രശസ്ത കന്നഡ ടെലിവിഷന്‍ അവതാരകയും അനൗണ്‍സറുമായ അപര്‍ണ വസ്തരെ (57) അന്തരിച്ചു. ഭര്‍ത്താവ് നാഗരാജ് വസ്തരെയാണ് സോഷ്യല്‍ മീഡിയയിലൂടെ മരണവിവരം അറിയിച്ചത്. ബംഗളൂരുവിലെ ബനശങ്കരിയിലെ വസതിയിലാണ് മരണം. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയിരുന്നു. നിരവധി ടിവി ഷോകള്‍ക്ക് അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍ ചന്ദന ചാനലില്‍ നിരവധി പരിപാടികളുടെ അവതാരകയാ യാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഇന്ത്യാ ഗവണ്‍മെന്റിന്റെ ‘വിവിധ ഭാരതി’യില്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചു. 1998-ല്‍ എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി ദീപാവലി പരിപാടി അവതരിപ്പിച്ച് അപര്‍ണ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ‘മൂടലമനെ’, ‘മുക്ത’ തുടങ്ങിയ ജനപ്രിയ സീരിയലുകളില്‍ അപര്‍ണ അഭിനയിച്ചു. 2013-ല്‍ ബിഗ്‌ബോസ് കന്നഡയുടെ ആദ്യ സീസണിലും അവര്‍ പങ്കെടുത്തു. 2015-ല്‍ സൃജന്‍ ലോകേഷ് അവതാരകനായ ‘മജാ ടാക്കീസ്’ എന്ന ഷോയില്‍ വരലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 1984ല്‍ പുട്ടെന്ന കനഗള്‍ സംവിധാനം ചെയ്ത മാസ നടഹുവ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് പ്രവേശിച്ചത്. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
