പൊയിനാച്ചി സ്വദേശിയുടെ ഒരുലക്ഷം രൂപയും ഒരുപവന്‍ സ്വര്‍ണവും തട്ടിയെടുത്ത സംഭവം; കൊമ്പനടുക്കം സ്വദേശിനി ശ്രുതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കാസര്‍കോട്: പൊയിനാച്ചി സ്വദേശിയുടെ ഒരുലക്ഷം രൂപയും ഒരുപവന്റെ സ്വര്‍ണ മാലയും തട്ടിയെടുത്ത കേസില്‍ കാസര്‍കോട് കൊമ്പനടുക്കം ശ്രുതി ചന്ദ്രശേഖരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതിന് പിന്നാലെ യുവാവിന്റെ പക്കല്‍ നിന്ന് ഒരു ലക്ഷം രൂപയും ഒരു പവന്‍ സ്വര്‍ണവും തട്ടിയെടുത്തെന്നാണ് പരാതി. മേല്‍പറമ്പ പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പേരാണ് ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായത്. പുല്ലൂര്‍ പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗളൂരുവില്‍ പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരന്‍ നടത്തുന്ന തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്. ഐ എസ് ആര്‍ ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞും, ഐഎഎസ് വിദ്യാര്‍ത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെങ്കിലും ഈ വിവരങ്ങളെല്ലാം മറച്ചുവെച്ചാണ് ശ്രുതി ആളുകളെ കുടുക്കിയിരുന്നത്. സൗഹൃദം സ്ഥാപിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുന്നതാണ് ശ്രുതിയുടെ രീതി. ചിലര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്യും. തൃശൂര്‍ സ്വദേശിയായ പൊലീസുകാരന്‍ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിലാണ്. പൊലീസുകാരനില്‍ നിന്ന് പണം തട്ടാന്‍ കണ്ണൂരിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നെന്നും വിവരം പുറത്തുവരുന്നുണ്ട്. പയ്യാവൂര്‍ പൊലീസ് സ്റ്റേഷനിലെ സി ഐ ആണെന്നും അമ്മാവനെന്നും പറഞ്ഞ് ശ്രുതി ഇയാളെ പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി അയപ്പിച്ചത് രണ്ടര ലക്ഷം രൂപയാണ്. നിലവില്‍ ഒളിവിലാണ് ശ്രുതി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page