കല്ലിടാമ്പി

എന്റെ എഫ് ബി സുഹൃത്തുക്കളില്‍ ആരെങ്കിലും ‘കല്ലിടാമ്പി’ എന്ന വാക്ക് കേട്ടിട്ടുണ്ടോ?അത്തരം മലയാള വാക്ക് ഇതേവരെ എന്താണെന്ന് തിരിച്ചറിയാന്‍ എനിക്ക് പറ്റിയിട്ടില്ല. പക്ഷേ ഞാന്‍ കല്ലിടാമ്പി കണ്ടിട്ടുണ്ട്. എന്റെ പഴയ തറവാട് വീട് പറമ്പിനും കൊയ്യന്‍ ചിരുകണ്ടന്‍ എന്ന് പറയുന്ന വ്യക്തിയുടെ പറമ്പിനും ഇടയിലാണ് ഉള്ളത്. ഈ രണ്ടു പറമ്പുകളും വലിയ മണ്‍കയ്യാല കൊണ്ടാണ് വേര്‍തിരിച്ചിട്ടുള്ളത്. കയ്യാല നിര്‍മ്മിക്കാനുള്ള മണ്ണ് കുഴിച്ചെടുത്തതുകൊണ്ടാണോ എന്നറിയില്ല ഈ ഭാഗത്ത് താഴ്ന്നും രണ്ടു പറമ്പുകള്‍ ഉയര്‍ന്നുമാണ് നിലകൊള്ളുന്നത്. രണ്ട് പറമ്പിനും ഇടയിലുള്ള ഭാഗത്തെ ‘കിള’ എന്നാണ് ഞങ്ങള്‍ പറയുക. കിളയിലൂടെ നടക്കുക, എന്ന് പറഞ്ഞാല്‍ ആ വഴിയിലൂടെ നടക്കുക എന്നാണ് അര്‍ത്ഥം. മുമ്പുകാലത്ത് പറമ്പുകള്‍ വേര്‍തിരിക്കാന്‍ മതിലുകള്‍ കെട്ടാറില്ല പകരം മണ്‍ കയ്യാലകള്‍ നിര്‍മ്മിക്കുകയാണ് പതിവ്. അതുകൊണ്ടായിരിക്കാം മണ്ണെടുത്ത കുഴിയെ കിള എന്ന് പറയുന്നത്. വര്‍ഷകാലമായാല്‍ ഈ കിളയിലൂടെ കുത്തിയൊഴുകുന്ന മഴ വെള്ളം കാണാം. കുട്ടികളായ ഞങ്ങള്‍ക്ക് ഇടയിലൂടെ ഒഴുകുന്ന മണ്ണ് കലര്‍ന്ന വെള്ളത്തില്‍ കളിക്കാന്‍ ബഹുരസമായിരുന്നു. ആ വെള്ളം ഒഴുകി ചേരുന്നത് ‘കൊല്ലി’ എന്ന് പറയുന്ന ഒരു തോട്ടിലേക്കാണ്. മഴക്കാലത്ത് മാത്രമേ കൊല്ലിയില്‍ വെള്ളം ഉണ്ടാവുകയുള്ളു.കുറവന്‍ കുന്നില്‍ നിന്ന് ആരംഭിക്കുന്ന വെള്ളച്ചാട്ടം അവസാനിക്കുന്നത് പലിയേരിക്കടുത്തുള്ള വയലിലേക്കാണ്. മഴക്കാലത്ത് മാത്രം വെള്ളം ശക്തിയോടെ ഒഴുകുന്ന കൊല്ലി ചീറ്റയെയും കൂക്കാനത്തെയും വേര്‍തിരിക്കുന്ന ഒരു അടയാളം കൂടിയാണ്.
ഇനി നമുക്ക് കല്ലിടാമ്പിയിലേക്ക് തന്നെ തിരിച്ചു പോകാം. ഈ സ്ഥലത്ത് വലിയ കരിങ്കല്ലുകള്‍ നിറഞ്ഞിരിക്കുന്ന ഭാഗമാണ്. ഇതിലൂടെ നടന്നുപോകാന്‍ തന്നെ വലിയ ബുദ്ധിമുട്ടാണ്. എങ്ങനെയാണ് ഈ കരിങ്കല്‍ പാറകള്‍ അവിടെ എത്തിപ്പെട്ടതെന്ന് അറിയില്ല. ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് കടന്നു പോകാന്‍ പറ്റുന്ന ചെറിയ ഇട ഈ പറയുന്ന കല്ലിടാമ്പിക്കുണ്ട്. പാമ്പുകളും വിഷ ജന്തുക്കളും ഈ കല്ലിടാമ്പയില്‍ പലപ്പോഴും ഉണ്ടാവാറുണ്ട്. കുണ്ടുപോയില്‍-പുത്തൂര്‍ എന്നിവിടങ്ങളിലേക്ക് ദിനേന എന്നോണം നിരവധി ആളുകള്‍ ഈ വഴിയിലൂടെ കടന്നു പോകാറുണ്ട്. കല്ലിടാമ്പി കടന്നുപോവുക എന്നത് എല്ലാവര്‍ക്കും ഭയമുള്ള കാര്യമാണ്. അക്കാലത്ത് പഞ്ചായത്ത് വക ഇവിടെ ഒരു വഴിവിളക്ക് സ്ഥാപിച്ചിരുന്നു. ഗ്ലാസ് നിര്‍മ്മിതമായ കൂട്ടില്‍ മണ്ണെണ്ണ വിളക്ക് കത്തിച്ചു വെച്ചായിരുന്നു വഴിവിളക്ക് ഉണ്ടാക്കിയത്. സന്ധ്യയായാല്‍ ഈ മണ്ണെണ്ണ വിളക്ക് കത്തിക്കുന്ന ഉത്തരവാദിത്വം കോയ്യന്‍ ചിരുകണ്ടന്‍ എന്ന് പറയുന്ന വ്യക്തി സന്നദ്ധമായി ഏറ്റെടുക്കുകയാണ് ചെയ്തത്. നിത്യേന അദ്ദേഹം ഈ സല്‍കര്‍മ്മം ചെയ്യുമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടുകാരായ ഞങ്ങള്‍ കുറേ ആളുകള്‍ സംഘടിച്ച് കിളയുടെ സ്ഥാനത്ത് റോഡ് നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചു. മാസങ്ങളോളം നീണ്ടുനിന്ന നാട്ടുകാരുടെ ആവേശപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായി ഈ സ്ഥലത്ത് മനോഹരമായ ഒരു റോഡ് നിര്‍മ്മിക്കാന്‍ കഴിഞ്ഞു. റോഡ് നിര്‍മ്മാണ സമയത്താണ് ഏറ്റവും ഭീമ ആകൃതിയുള്ള കരിങ്കല്ല് പൊളിച്ചു മാറ്റാന്‍ ജനസഹകരണത്തോടെ സാധിച്ചത്. ഇന്ന് അവിടെ കല്ലിടാമ്പി ഇല്ല. പഴയ തലമുറ അവിടെ ഉണ്ടായിരുന്ന കിളയും കൊല്ലിയും കല്ലിടാമ്പിയും മറക്കാതെ ഇന്നും ഓര്‍മ്മയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ജോലി തട്ടിപ്പ്: സച്ചിതാറൈക്കെതിരെ വീണ്ടും കേസ്; പുല്ലൂര്‍ സ്വദേശിയുടെ 17 ലക്ഷം തട്ടിയത് എഫ്.സി.ഐ.യില്‍ ജോലി വാഗ്ദാനം ചെയ്ത്; പള്ളത്തടുക്കയിലെ അമൃതയുടെ പണം നഷ്ടമായത് സിപിസിആര്‍ഐയിലെ ജോലിക്ക്

You cannot copy content of this page