ഇടുക്കി: ആദിവാസി ഊരുകളില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ നിരോധിത വെളിച്ചെണ്ണ. ഇതുപയോഗിച്ച് പാകം ചെയ്ത ഭക്ഷണം കഴിച്ച അറുപത് കുടുംബങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.
വെണ്ണിയാനി, ആദിവാസി ഊരിലാണ് സംഭവം. പട്ടികവര്‍ഗ്ഗ വികസന വകുപ്പാണ് വെളിച്ചെണ്ണ വിതരണം ചെയ്തത്.
2018ല്‍ സര്‍ക്കാര്‍ നിരോധിച്ച കേരസുഗന്ധി വെളിച്ചെണ്ണയാണ് ഊരില്‍ വിതരണം ചെയ്തത്. ഈ എണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ചവര്‍ക്ക് വിഷബാധയേറ്റതോടെ പാക്കറ്റില്‍ പറഞ്ഞിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലെന്ന് ആദിവാസി ഏകോപന സമിതി അറിയിച്ചു. പാക്കറ്റില്‍ ഉണ്ടായിരുന്ന ഫോണ്‍ നമ്പര്‍ വ്യാജമാണെന്നു സംശയിക്കുന്നു. വിഷബാധ പുറത്ത് വന്നതോടെ വെളിച്ചെണ്ണയുടെ സാമ്പിള്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് പരിശോധനക്കയച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആദിവാസി ഏകോപന സമിതി ആവശ്യപ്പെട്ടു.
