ഭര്‍ത്താവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച കേസില്‍ ഭാര്യയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡ സ്വദേശികളായ പൂജ, കാമുകന്‍ പ്രഹ്ലാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നോയിഡയിലെ ശുചീകരണ തൊഴിലാളിയായ മഹേഷ് ആണ് കൊല്ലപ്പെട്ടത്. ജുലായ് ഒന്നിന് രാത്രിയിലാണ് മഹേഷിനെ ഭാര്യ പൂജയും കാമുകനായ പ്രഹ്ലാദനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. മൃതദേഹം ശുചിമുറിയുടെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചു രക്ഷപ്പെടുകയായിരുന്നു. ഒരേ നാട്ടുകാരായ പൂജയും പ്രഹ്ലാദും നേരത്തെ പ്രണയത്തിലായിരുന്നു. വിവാഹശേഷം ഭര്‍ത്താവ് മഹേഷിനൊപ്പം പൂജയും നോയിഡയിലേയ്ക്ക് പോയി. പൂജയും ഭര്‍ത്താവും ബിറോന്‍ഡയിലായിരുന്നു താമസം. ഇവിടേക്ക് പ്രഹ്ലാദും ജോലി തേടിയെത്തി. സെക്യൂരിറ്റി ജോലിയില്‍ പ്രവേശിപ്പിച്ച പ്രഹ്ളാദ് പൂജയെ നിത്യവും സന്ദര്‍ശിക്കാന്‍ തുടങ്ങി. ജുലായ് ഒന്നിന് മഹേഷ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പ്രഹ്ലാദ്, കാമുകിയെ കാണാനെത്തി. ഈ സമയത്ത് മഹേഷ് അപ്രതീക്ഷിതമായി വീട്ടിലെത്തി. തങ്ങളുടെ രഹസ്യബന്ധം പുറത്തറിയുമെന്ന ഭയത്തില്‍ ഇരുവരും ചേര്‍ന്ന് മഹേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
