സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ) അന്തരിച്ചു: വിട വാങ്ങിയത് നിരവധി മഹല്ലുകളുടെ ഖാസിയും പ്രമുഖ പണ്ഡിതനും

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രകമ്മിറ്റി അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ) അന്തരിച്ചു. 64 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം എട്ടിക്കുളത്തുള്ള വീട്ടില്‍. വൈകുന്നേരം അഞ്ചു മണിക്ക് മംഗളൂരു കുറത്തിലേക്ക് കൊണ്ടുപോകും. ജനാസ നിസ്‌കാരം രാത്രി ഒന്‍പതിന് കുറത്തില്‍ നടക്കും.
പരേതനായ താജുല്‍ ഉലമ ഉള്ളാള് സയ്യിദ് അബ്ദുറഹ്‌മാന്‍ അല്‍ ബുഖാരി തങ്ങളുടെ മകനാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി മഹല്ലുകളിലെ ഖാസിയാണ്. ഉള്ളാള്‍ ഉള്‍പ്പെടെ കര്‍ണ്ണാടകയിലെ നിരവധി മഹല്ലുകളിലെയും ഖാസിയാണ്.
ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജില്‍ നിന്നാണ് മതപഠനം പൂര്‍ത്തിയാക്കിയത്. മൂന്നു വര്‍ഷക്കാലം ഉള്ളാളില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് കര്‍ണ്ണാടക പുത്തൂരിലെ കൂറത്ത് മഹല്ലില്‍ സേവനം തുടര്‍ന്നു. ഇതോടെയാണ് കുറാ തങ്ങള്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. നൂറുകണക്കിനു മഹല്ലുകളുടെ സംയുക്ത ഖാസിയായിരുന്ന താജുല്‍ ഉലമയുടെ വഫാത്തിന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കുറാ തങ്ങളെ തിരഞ്ഞെടുത്തിരുന്നു. ദക്ഷിണ കന്നഡയിലെയും സമീപ പ്രദേശങ്ങളിലെയും സുന്നി സമൂഹത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. ഫസല്‍ എജുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ്, എട്ടിക്കുളം താജുല്‍ ഉലമ എജുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സയ്യിദത്ത് ആറ്റ ബീവിയാണ് ഭാര്യ. സയ്യിദ് അബ്ദുറഹ്‌മാന്‍ മശ്ഹൂദ്, സയ്യിദ് മിസ്ഹബ് തങ്ങള്‍, സയ്യിദത്ത് റുഫൈദ, സയ്യിദത്ത് സഫീറ, സയ്യിദത്ത് സകിയ്യ, സയ്യിദത്ത് സഫാന എന്നിവരാണ് മക്കള്‍.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page