കാസര്‍കോട്: നാട് പനിച്ചുവിറക്കുമ്പോള്‍ അഞ്ചരകോടി രൂപയുടെ ആശുപത്രി വികസന പദ്ധതി കെട്ടിമുറുക്കിവച്ച ചുവപ്പ് നാടക്കുളളിലിരുന്നു ഉറങ്ങുന്നു. 400 ല്‍ പരം രോഗികള്‍ ദിവസവും എത്തുന്ന കുമ്പള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനാണ് ഈ ദുരവസ്ഥ. ഈ ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികള്‍ ദുരിതം പറഞ്ഞറിയിക്കാന്‍ പോലും കഴിയാതെ വിഷമിക്കുന്നു. ആശുപത്രിയില്‍ അടിസ്ഥാന വികസനം നടപ്പിലാക്കുന്നതിന് ഒരുവര്‍ഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് 10 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് നല്‍കിയിരുന്നു. പ്രശ്‌നത്തില്‍ മഞ്ചേശ്വരം എംഎല്‍എ ഇടപെട്ടതോടെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അഞ്ചുകോടി അനുവദിക്കുകയായിരുന്നു. 1962 ല്‍ അന്നത്തെ ആവശ്യമനുസരിച്ചുണ്ടാക്കിയ ആശുപത്രി കെട്ടിടമാണ് കുമ്പള സിഎച്ച്‌സിക്ക് ഇപ്പോഴുള്ളത്. മല്‍സ്യത്തൊഴിലാളികള്‍, കൂലി തൊഴിലാളികള്‍ കര്‍ഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ രോഗത്തിനും ചികില്‍സയ്ക്കും ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്. പകര്‍ച്ച വ്യാധികളുമായി എത്തുന്ന രോഗികള്‍ക്ക് സ്വസ്ഥമായി ഇരിക്കാനുള്ള ഇടംപോലും ഈ കേന്ദ്രത്തിന് ഇല്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
