കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹെല്‍പ്പ് ലൈനിലേക്ക് വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതിയെ കയ്യോടെ പിടികൂടി. തന്റെ കാമുകന്‍ മുംബൈയിലേക്കുള്ള വിമാനത്തില്‍ കയറുന്നത് തടയാനായിരുന്നു യുവതി ബോംബ് ഭീഷണി മുഴക്കിയതെന്നാണ് വിവരം. ജൂണ്‍ 26ന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പൊതു ദ്രോഹത്തിലേക്ക് നയിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് യുവതിക്കെതിരെ ഐപിസി സെക്ഷന്‍ 505(1-b) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബംഗളൂരുവില്‍ താമസിക്കുന്ന പൂന സ്വദേശിനി ഇന്ദ്ര രാജ്വര്‍ എന്ന 29 കാരിയാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പറക്കാനിരുന്ന കാമുകന്‍ മിര്‍ റാസമെഹ്ദി തന്റെ ലഗേജില്‍ ബോംബ് കരുതിയിരുന്നതായി ഇന്ദ്ര രാജ്വര്‍ എന്ന യുവതി എയര്‍പോര്‍ട്ട് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ വിമാനത്തിലെത്തി മെഹ്ദിയെ വിശദമായി പരിശോധിച്ചെങ്കിലും സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഇതേ തുടര്‍ന്ന് വിമാനത്താവളത്തിലുണ്ടായിരുന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. പിന്നീട് കെഐഎ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രണ്ടുപേരും രണ്ട് വിമാനങ്ങളിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വിമാനത്താവളത്തിലെത്തിയപ്പോള്‍ പരസ്പരം അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പിരിഞ്ഞു പോയി. കാമുകന്‍ പോകാതിരിക്കാന്‍ യുവതി ഹെല്‍പ് ലൈനിലേക്ക് വിളിക്കുകയായിരുന്നു. വ്യാജ കോള്‍ വിളിക്കുന്നതിന് മുമ്പ് അവര്‍ ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ സംസാരിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാമുകനുമായുള്ള വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ കാരണമാണ് വ്യാജഭീഷണി മുഴക്കിയതെന്ന് യുവതി സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
