കോളജില്‍ മദ്യപിച്ചെത്തി; ഗേറ്റില്‍ തടഞ്ഞത് പിടിച്ചില്ല; സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി

കോളജില്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ കെംപപുര സിന്ധി കോളജ് കാംപസിലാണ് ദാരുണ സംഭവം. കോളജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജയ് കിഷോര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി ഭാര്‍ഗവ് ജ്യോതി (22)യെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. കോളജിലെ അവസാന വര്‍ഷ ബിഎ വിദ്യാര്‍ഥിയാണ് ഭാര്‍ഗവ്. ബുധനാഴ്ച കോളജ് ഫെസ്റ്റിനിടെ പുറത്തേക്കിറങ്ങിയ ഇയാളെ ജയ് കിഷോര്‍ വിലക്കി. ഫെസ്റ്റിനിടെ പുറത്ത് പോകാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമില്ലെന്ന് ഇയാള്‍ അറിയിച്ചെങ്കിലും ഇത് വകവയ്ക്കാതെ ഭാര്‍ഗവ് പുറത്തിറങ്ങി. പിന്നീട് വീണ്ടും ഇയാള്‍ കോളജിലെത്തി ഉള്ളിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്‍ഗവ് മദ്യപിച്ചിരുന്നത് മനസിലാക്കിയ കിഷോര്‍ അകത്തേക്ക് കയറ്റിവിടില്ലെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ തിരിച്ചയച്ചു.
കുപിതനായ ഭാര്‍ഗവ് വീണ്ടുമെത്തി അകത്തേക്ക് കടത്തണമെന്ന് ജയ് കിഷോറിനോട് ആവശ്യപ്പെട്ടു. നേരത്തെ എടുത്ത നിലപാടില്‍ തന്നെ ജയ് കിഷോര്‍ ഉറച്ചുനിന്നു. പ്രവേശനം നിഷേധിച്ചതോടെ ഭാര്‍ഗവ് കയ്യില്‍ കരുതിയിരുന്ന കത്തി എടുത്ത് ജയ് കിഷോറിനെ കുത്തുകയായിരുന്നു. നെഞ്ചില്‍ നിരവധി തവണ കുത്തിയശേഷം ഭാര്‍ഗവ് ഓടി രക്ഷപെട്ടു. തുടര്‍ന്ന് പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവം നടക്കുന്ന സമയം നിരവധി വിദ്യാര്‍ഥികളും പുറത്തുണ്ടായിരുന്നു. ഭാര്‍ഗവ് ജയ് കിഷോറിനെ കുത്തുന്നതും പിന്നീട് ഓടി രക്ഷപെടുന്നതുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്.
കോളജ് ഫെസ്റ്റിന്റെ സമയത്ത് വിദ്യാര്‍ഥികള്‍ പുറത്ത് പോകുന്നത് തടയാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയതായി കോളജ് അധികൃതര്‍ സ്ഥിരീകരിക്കുന്നുണ്ട്. ജയ് കിഷോറിന്റെ ക്രിമിനല്‍ പശ്ചാത്തലവും മറ്റും പരിശോധിച്ചു വരുന്നതായി ബംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മിഷണര്‍ സഹില്‍ ബാംഗ്ല അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page