Sunday, July 14, 2024
Latest:

റോവര്‍ ക്രൂ

ഔപചാരിക രീതിയില്‍ കൃത്യതയും കണിശതയും അതിനപ്പുറം പോവരുത് എന്ന നിര്‍ദ്ദേശവും വെച്ച് പ്രവൃത്തിക്കുന്ന രീതിയോട് പലപ്പോഴും എനിക്ക് പൊരുത്തപ്പെട്ടു പോവാന്‍ സാധിക്കാറില്ല. നേരെ മറിച്ച് ലക്ഷ്യത്തിലെത്തിച്ചേരാന്‍ അനൗപചാരിക രീതിയില്‍ സംഘടിപ്പിക്കുന്ന പ്രവൃത്തിയിലൂടെ സാധിക്കുമെന്നാണ് എന്റെ അനുഭവം. 1977 മുതല്‍ അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ ഒരു കാഴ്ചപ്പാടിലേക്ക് ഞാന്‍ മാറിയത്. കാന്‍ഫെഡ്, പാന്‍ടെക് എന്നീ സംഘടനകളിലും അനൗപചാരിക രീതികളാണ് ഞാന്‍ അവലംബിച്ചിട്ടുള്ളത്. ഒരുനിശ്ചിത ചട്ടകൂടില്‍ ഒതുങ്ങി നില്‍ക്കാതെ അതിനപ്പുറത്തേക്ക് കടന്നു ചെല്ലാന്‍ അനൗപചാരിക രീതിക്കാവും.
ഈ ചിന്താഗതി വെച്ചു മുന്നോട്ടു പോവുമ്പോഴാണ് DPEP എന്ന വിദ്യാഭ്യാസ പദ്ധതിയിലും അനൗപചാരിക രീതി കടന്നുവന്നത്. അത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും അതിന്റെ പഠന പ്രവര്‍ത്തനരീതി ശ്രദ്ധേയമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ DPEP യുടെ ട്രൈനറായും SSA യുടെ ബ്ലോക്ക് പ്രോഗ്രാം ഓഫീസറായും പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ താല്‍പര്യം കിട്ടിയത്. ഈ കാലഘട്ടത്തില്‍ തന്നെ Junior Red Cross ന്റെ സംസ്ഥാന organiser ആയി പ്രവര്‍ത്തിച്ചു വിവിധ വിദ്യാലയങ്ങളില്‍ നടന്നു വരുന്ന Student Police Cadetനു വേണ്ടി അവേര്‍നസ് ക്ലാസുകള്‍ നടത്താനും അവസരമുണ്ടായി. കോളേജില്‍ പഠിക്കുമ്പോള്‍ രണ്ടു വര്‍ഷം NCC കേഡറ്റായും സേവനം ചെയ്തിട്ടുണ്ട്. സ്‌കൂളുകളില്‍ നടത്തിവരുന്ന കബ്ബ്സ് & ബുള്‍ബുള്‍, സ്‌ക്കൗട്ട് & ഗൈഡ് അനൗപചാരികമായി നടത്തുന്ന റേഞ്ചര്‍ & റോവര്‍ എന്നിവയുമായി ബന്ധപ്പെടാനും അവസരമുണ്ടായി.
ഇതില്‍ റോവര്‍ ക്രൂ കരിവെള്ളൂരില്‍ സംഘടിപ്പിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായി. അതുമായി ബന്ധപ്പെട്ടു നേതൃത്വപരമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്മണന്‍മാഷുമായി സംസാരിച്ചു. വിവിധ മേഖലകളില്‍ തന്റെ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് ലക്ഷ്മണന്‍ മാഷ്. 1986 ലാണ് കരിവെള്ളൂരില്‍ റോവര്‍ ക്രൂ യൂണിറ്റ് തുടങ്ങുന്നത്. ഡയറ്റ് പ്രിന്‍സിപ്പാള്‍മാരായി റിട്ടയര്‍ ചെയ്ത ഡോ:എം. ബാലന്‍, എം. രമേശന്‍, കെ. രാമചന്ദ്രന്‍ നായര്‍ എന്നിവരും ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്ത ടി.വി. രവീന്ദ്രന്‍, എറണാകുളത്ത് സീനിയര്‍ chief guard ആയി ജോലി ചെയ്യുന്ന എ.വി പ്രകാശന്‍ (പാച്ചന്‍), കനറാ ബാങ്ക് പിഗ്മി കളക്ടര്‍ പി.ജനാര്‍ദ്ദനന്‍ എന്നിവരായിരുന്നു പ്രധാന റോവര്‍ ക്രൂ അംഗങ്ങള്‍. സംഘത്തിന്റെ രക്ഷാധികാരിയായി ഞാനും ചുമതലയേറ്റു.
റോവര്‍ ക്രൂ അംഗങ്ങള്‍ക്കു വേണ്ടി പ്രത്യേക തരം യൂണിഫോമുണ്ട്. എല്ലാവരും സ്വന്തം നിലയില്‍ അത് സംഘടിപ്പിച്ചു. 1986 ല്‍ മുകളില്‍ സൂചിപ്പിച്ച വ്യക്തികളെല്ലാം ഇരുപത്തിയഞ്ച് വയസ്സിന് താഴെയുള്ള യുവാക്കളായിരുന്നു. ഇവരൊക്കെ അന്നും ഇന്നും സേവന രംഗത്ത് സജീവമാണ്. ഇതില്‍ ഡോ. എം. ബാലന്‍ ഒരു അപകടത്തില്‍ പെട്ടുപോയി. തിരിച്ചു കിട്ടില്ല എന്ന അവസ്ഥയില്‍ നിന്നും അദ്ദേഹത്തിന്റെ സേവനോത്സുകതയും, കളങ്കമറ്റ സമൂഹ്യ ഇടപെടലും മൂലം എന്നു വേണം കരുതാന്‍ പഴയ ആരോഗ്യത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നു.
കരിവെള്ളൂര്‍ റോവര്‍ ക്രൂ സ്തുത്യര്‍ഹമായ നിരവധി സാമൂഹ്യ സേവനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട് അരവിന്ദ് കണ്ണാശുപത്രിയുമായി സഹകരിച്ച് ഏവണ്‍ ക്ലബ്ബ് നടത്തിയ തിമിര ശസ്ത്രക്രിയാ ക്യാമ്പില്‍ റോവര്‍ ക്രൂ വളണ്ടിയര്‍മാര്‍ രോഗികള്‍ക്ക് സഹായികളായി കൂടെ നില്‍ക്കാനും അവര്‍ക്ക് യാത്രാ സൗകര്യമൊരുക്കാനും സജീവമായി പ്രവര്‍ത്തിച്ചു. യൂണിഫോമില്‍ സഹായിക്കാനെത്തിയ റോവര്‍ ക്രൂ വളണ്ടിയര്‍മാരെ ആശ്ചര്യത്തോടെയാണ് പലരും നോക്കിക്കണ്ടത്. കാരണം കരിവെള്ളൂരില്‍ ഇത്തരം ഒരു ഗ്രൂപ്പുണ്ടെന്ന് പലരും അന്നാണറിഞ്ഞത്.
ആ കാലത്ത് കരിവെള്ളൂര്‍ മുച്ചിലോട്ട് കളിയാട്ടത്തിനും വളണ്ടിയര്‍മാരായി സ്തുത്യര്‍ഹമായ രീതിയില്‍ സേവനം ചെയ്തിട്ടുണ്ട്.
‘മാനവമൈത്രി നമ്മുടെ ലക്ഷ്യം’
‘നാടെങ്ങും പുലരട്ടെസാഹോദര്യം’
തുടങ്ങിയ പ്ലക്കാര്‍ഡുമായി കാസര്‍കോടു മുതല്‍ എറണാകുളം വരെ സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. മാട്ടുപ്പെട്ടി, ഇടുക്കി എന്നിവിടങ്ങളിലേക്ക് ട്രക്കിംഗ് നടത്തി. തിരുവനന്തപുരത്തെ പാലോട് മിലിട്ടറി ക്യാമ്പില്‍ പന്ത്രണ്ട് ദിവസം നീണ്ടു നിന്ന ട്രെയിനിംഗ്‌ പരിപാടിയിലും കരിവെള്ളൂര്‍ റോവര്‍ ക്രൂ അംഗങ്ങളുടെ സജീവ പങ്കാളിത്തമുണ്ടായി.
പത്തുവര്‍ഷത്തോളം പ്രസ്തുത റോവര്‍ ഗ്രൂപ്പ് വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. അവര്‍ക്ക് സ്വയമേവ സന്നദ്ധ പ്രവര്‍ത്തന താല്‍പര്യമുണ്ട്. റോവര്‍ ക്രൂ മുഖേന കിട്ടിയ നിരവധി പരിശീലനങ്ങളിലൂടെ സേവനമേഖലയില്‍ കൂടുതല്‍ കരുത്താര്‍ജിച്ചു പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നുള്ളതിന് തെളിവാണ് അറുപത് പിന്നിട്ടിട്ടും ഇന്നും സന്നദ്ധ പ്രവര്‍ത്തനത്തിന് അവര്‍ മുന്‍നിരയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഓഫീസും കാര്യങ്ങളും ഇല്ലാത്തതിനാല്‍ മിക്കവാറും എന്റെ വീട്ടില്‍ വെച്ചാണ് മീറ്റിംഗ് കൂടുകയും തീരുമാനമെടുക്കുകയും ചെയ്യാറ്. ഇവര്‍ക്ക് ജോലി കിട്ടി പല വഴിക്കു പിരിഞ്ഞു പോയപ്പോള്‍ റോവര്‍ ക്രൂവും നിശ്ചലമായി. നാല് പതിറ്റാണ്ടിന് മുമ്പ് കരിവെള്ളൂരില്‍ പ്രവര്‍ത്തിച്ചുവന്ന റോവര്‍ കൂവിലെ പ്രവര്‍ത്തകര്‍ അതൊക്കെ അയവിറക്കാറുണ്ട്.

റോവര്‍ ക്രൂ അംഗങ്ങള്‍ ഇടത്തു നിന്ന്
1.കെ.രാമചന്ദന്‍ നായര്‍
2 കെ. രമേശന്‍
3 ഡോ:എം.ബാലന്‍
4 ടി.വി. രവീന്ദ്രന്‍
നില്‍ക്കുന്നവര്‍
1 പി.ജനാര്‍ദനന്‍
2 എം. പ്രകാശന്‍

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page