സിനിമ ചര്‍ച്ചയ്ക്ക് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, എംഡിഎംഎ ചേര്‍ത്ത മദ്യം നല്‍കി പീഡിപ്പിച്ചു; സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ആരോപണവുമായി യുവനടി ഹൈക്കോടതിയില്‍

കൊച്ചി: എംഡിഎംഎ മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്‍കി അബോധാവസ്ഥയില്‍ പീഡിപ്പിച്ചു. സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ഗുരുതര ആരോപണവുമായി യുവനടി ഹൈക്കോടതിയില്‍. ലൈംഗിക പീഡന കേസില്‍ ഒമര്‍ ലുലു നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയിലാണ് ആരോപണം. വിവാഹ വാഗ്ദാനം നല്‍കിയും വരാനിരിക്കുന്ന സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്തുമായിരുന്നു പീഡനം. വിവാഹിതനാണെന്നത് മറച്ചുവച്ചാണ് വിവാഹ വാഗ്ദാനം നല്‍കിയത്. സിനിമ ചര്‍ച്ചയ്‌ക്കെന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി മദ്യം നല്‍കി തന്റെ സമ്മതമില്ലാതെ ലൈംഗീകമായി പീഡിപ്പിച്ചു. സ്ഥിരം മദ്യപാനിയായ ഇയാള്‍ എംഡിഎംഎ ചേര്‍ത്താണ് മദ്യം നല്‍കിയത്.
പ്രതി നേരിട്ടും ഡ്രൈവറെയും സുഹൃത്തിനെയും ഉപയോഗിച്ചും നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. വലിയ സ്വാധീന ശക്തിയുള്ളയാളായതിനാല്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. സുതാര്യമായ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിലെടുത്ത അന്വേഷണം നടത്തണം. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തണമെന്നും കക്ഷി ചേരാന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ ഉഭയസമ്മത പ്രകാരമായിരുന്നു ബന്ധമെന്ന് തെളിയിക്കുന്ന മൊബൈല്‍ ചാറ്റുകള്‍ ഒമര്‍ ലുലു ഹാജരാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരന് കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page