‘ഊ ഹും! എന്നോടാണോ കളി!’
-ഒരു എംപിയുടെ വെല്ലുവിളി. ഇലക്ഷനില്‍ തന്നെ തോല്‍പ്പിക്കാന്‍ തന്റെ പാര്‍ട്ടിക്കാര്‍ അവസാനത്തെ അടവായി കൂടോത്രവും കുട്ടിച്ചാത്തന്‍ സേവയും നടത്തി എന്ന്. ആരോപണം ഉന്നയിച്ച ലോക്സഭ മെമ്പറുടെ പേര്: രാജ് മോഹന്‍ ഉണ്ണിത്താന്‍. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി താന്‍ നല്‍കിയ ലക്ഷ്യങ്ങളും പാര്‍ട്ടി കൊടുത്തതും ദുരുപയോഗം ചെയ്തു പോലും. അതിനു പുറമേയാണ് ആഭിചാരക്രിയകള്‍. അതും സ്വന്തക്കാര്‍!
ഇതുപോലെയൊരു ആരോപണം കര്‍ണാടക ഉപ മുഖ്യമന്ത്രിയെക്കുറിച്ചും ഉന്നയിക്കുകയുണ്ടായി. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പ്രതിപക്ഷത്തുള്ള ബിജെപിക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. തങ്ങളുടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ എതിര്‍ പാര്‍ട്ടിക്കാര്‍ അതായത് (ബിജെപി)’ശ്രത്രു ഭൈരവ യാഗം’ നടത്തി എന്ന്. കേരളത്തില്‍ വെച്ചായിരുന്നു പോലും കര്‍മ്മം. മന്ത്രവാദികളുടെ കേന്ദ്രം ഇവിടെയായിരിക്കും!പത്രസമ്മേളനത്തില്‍ പറഞ്ഞത് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. മലയാളികളെ ആകമാനം അപമാനിക്കുന്ന ആരോപണം പിന്‍വലിച്ച് കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറയണം എന്നാണ് കൃഷ്ണദാസ് ആവശ്യപ്പെട്ടത്. കേരളം അന്ധവിശ്വാസികളുടെയും ആഭിചാരക്രിയ നടത്തുന്നവരുടെയും നാട് എന്ന് തോന്നിപ്പിക്കുന്നതാണ് കര്‍ണാടക ഉപ മുഖ്യമന്ത്രിയുടെ ആരോപണം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇവിടെ ആഭിചാരക്കാര്‍ ഉണ്ട് എന്ന് ഉണ്ണിത്താനും പറഞ്ഞു. ഇതും തെളിവായിട്ട് എടുക്കാം.
ഇതെല്ലാം ഇന്ത്യയിലെ രണ്ട് പാര്‍ട്ടിക്കാരുടെ കാര്യങ്ങള്‍. എന്നാല്‍ അമേരിക്കക്കും ഇതേ അഭിപ്രായം!ഇത് ഏറ്റി പിടിച്ചിട്ടാണോ കഴിഞ്ഞദിവസം ഇന്ത്യയെക്കുറിച്ച് ഗുരുതരമായ ഒരു നിരീക്ഷണം നടത്തിയത്. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ റിപ്പോര്‍ട്ട്:’മതവിദ്വേഷ പ്രസംഗങ്ങളും പ്രവര്‍ത്തികളും ഇന്ത്യയില്‍ ആശങ്കാജനകമാംവിധം വര്‍ദ്ധിക്കുന്നു’എന്ന്. ഇന്ത്യയെക്കുറിച്ച് ഇമ്മാതിരി അഭിപ്രായങ്ങള്‍ പറയുന്ന രാജ്യമല്ല അമേരിക്ക. ഇപ്പോള്‍ ഒരു നിലപാട് മാറ്റം? ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തും തുടര്‍ന്നും നടന്നത് കണ്ടിട്ടുള്ളവര്‍ ഇപ്രകാരം ഒരു നിഗമനത്തില്‍ എത്തിയാല്‍ അതില്‍ അത്ഭുതമില്ല. അമേരിക്കയും അറിഞ്ഞിട്ടുണ്ടാകും. ഇന്ത്യ ഒരു മതേതര റിപ്പബ്ലിക്. സെക്യുലര്‍ സ്റ്റേറ്റ്. തുടക്കത്തില്‍ ഈ വിശേഷണം ഭരണഘടനയുടെ ‘ആമുഖ’ത്തില്‍ (പ്രിയാംബിള്‍)ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന ഭേദഗതി ചെയ്തപ്പോള്‍, സെക്കുലര്‍ സോഷ്യലിസ്റ്റ് എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മതവിരുദ്ധതയോ, മതാധിഷ്ഠിതത്വമോ അല്ല, മതനിരപേക്ഷതയാണ് നാം അംഗീകരിക്കുന്നത് എന്നാണല്ലോ നമ്മുടെ അവകാശവാദം. സെക്യുലര്‍ എന്ന് എഴുതിവെച്ചിട്ടില്ലെങ്കിലും, ആ അര്‍ത്ഥത്തിലുള്ള വാക്യങ്ങള്‍ ഉണ്ടായിരുന്നു. ‘സര്‍വ്വധര്‍മ്മ സമഭാവം’-എല്ലാം മതങ്ങളോടും സമഭാവം-രാഷ്ട്രപതി ഡോക്ടര്‍ രാധാകൃഷ്ണന്റെ അഭിപ്രായം. ശ്രദ്ധേയമായ രണ്ട് കാര്യങ്ങളുണ്ട് ഭരണഘടനയില്‍:സയന്റിഫിക് ടെംപര്‍-(ശാസ്ത്രീയ മനോഭാവം)സ്പിരിറ്റ് ഓഫ് എന്‍ക്വയറി (അന്വേഷണാത്മകത)-ഇത് രണ്ടും വളര്‍ത്തുക പൗരന്റെ കടമ. പണ്ഡിട് നെഹ്റു ഊന്നിപ്പറഞ്ഞ രണ്ടു കാര്യങ്ങള്‍. എന്നാല്‍ ഈ അടിസ്ഥാന കടമകള്‍ നിര്‍ബന്ധിതമാക്കുകയോ, അതിന്റെ ലംഘനവും അതില്‍ നിന്നുള്ള വ്യതിയാനവും ശിക്ഷാര്‍ഹമാക്കുകയോ ചെയ്യുന്നില്ല.
ഇന്ത്യ മതേതര രാഷ്ട്രം. പക്ഷേ, ഭരണഘടന മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പു നല്‍കുന്നുണ്ട്. (ഭരണഘടന 25 മുതല്‍ 28 വരെ അനുച്ഛേദങ്ങള്‍).മതവിശ്വാസം പ്രകടിപ്പിക്കാനും, ആചരിപ്പിക്കാനും പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ, ഈ സ്വാതന്ത്ര്യം അനിയന്ത്രിതമാകരുത്. സമാധാനത്തിന് വിധേയമായേ വിനിയോഗിക്കാവു. സന്മാര്‍ഗികതക്കും ആരോഗ്യത്തിനും വിധേയമായിരിക്കണം. അടിയന്തരാവസ്ഥക്കാലത്ത് പലതും പൊളിച്ചെഴുതുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്തുവെങ്കിലും നാളിതുവരെ അതിലൊന്നും മാറ്റുകയോ തിരുത്തുകയോ ചെയ്തിട്ടില്ല;വ്യക്തമാക്കിയിട്ടുമില്ല. നടക്കുന്നതത്രയും കടകവിരുദ്ധമായ കാര്യങ്ങള്‍. ‘ഏട്ടിലപ്പടി, പയറ്റിലിപ്പിടി.’
അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പ് തന്നെ ഒരു ഉദാഹരണം.മാര്‍ച്ച് 16,18,19,20 തീയതികളില്‍ തിരഞ്ഞെടുപ്പ് നടത്തണം എങ്കില്‍ കോണ്‍ഗ്രസിന് വന്‍ വിജയം. ഇന്ദിരാഗാന്ധിയുടെ ജന്മ രാശി നോക്കി പ്രവചിച്ചത് സ്വാമി ധീരേന്ദ്ര ബ്രഹ്‌മചാരി. ഈ തീയതികളില്‍ ഇലക്ഷന്‍ നടത്തണമെന്ന നിര്‍ദ്ദേശത്തോടെ ഇന്ദിരാഗാന്ധി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ടി.സ്വാമിനാഥന് കൈമാറി. അത് പ്രകാരം അനന്തര നടപടികള്‍ പൂര്‍ത്തിയാക്കി. വോട്ടെണ്ണിയപ്പോഴോ?കോണ്‍ഗ്രസിന് കനത്ത പരാജയം. 154 സീറ്റ്. 34.52% വോട്ട്. മുഖ്യ എതിര്‍കക്ഷി ജനത പാര്‍ട്ടിക്ക് 295 സീറ്റ്. 41.32 ശതമാനം വോട്ട്. വന്‍ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് പ്രവചനം വിശ്വസിപ്പിച്ച ഇന്ദിരാഗാന്ധി റായിബറേലിയില്‍ തോറ്റു. എതിര്‍സ്ഥാനാര്‍ത്ഥി രാജ്നാരായണന് (ജനതാ പാര്‍ട്ടി)55,202വോട്ടിന്റെ ഭൂരിപക്ഷം.
നോമിനേഷന്‍ സമര്‍പ്പിക്കാന്‍ നാളും പക്കവും നോക്കുന്ന ഏര്‍പ്പാട് പണ്ടേ ഉണ്ടായിരുന്നു. പണ്ട് സുകുമാര്‍ അഴീക്കോട് ലോക്സഭയിലേക്ക് മത്സരിച്ചത് ഒരു ജോത്സ്യന്‍ പറഞ്ഞ ഗൃഹനില പ്രകാരമായിരുന്നു. പാമ്പന്‍ മാധവന്‍ (കോണ്‍ഗ്രസ് നേതാവ്)പറഞ്ഞു:ഗ്രഹനിലയൊന്നും തനിക്കറിയില്ല. എന്നാല്‍, രാഷ്ട്രീയ നില എന്തെന്നറിയാം: ‘അഴീക്കോട് തോല്‍ക്കും’വോട്ടെണ്ണിയപ്പോള്‍…
എന്നിട്ടും പഠിച്ചുവോ?തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പൂജ;സ്വാമിമാരുടെ അനുഗ്രഹം.എതിരാളികള്‍ക്കെതിരെ ദുര്‍മന്ത്രവാദം.സത്യപ്രതിജ്ഞ നാമജപത്തോടെ,കീര്‍ത്തനാലാപത്തോടെ!(സയന്റിഫിക് ടെമ്പര്‍!) ഭരണഘടന വെറുമൊരു പുസ്തകം! ഏട്ടിലപ്പടി, പയറ്റില്‍ ഇപ്പടി.