ന്യൂഡല്‍ഹി: ഭാരതീയ ന്യായ സംഹിത രാജ്യത്ത് നടപ്പിലായി. ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി കമല മാര്‍ക്കറ്റ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. വഴി തടസപ്പെടുത്തി കച്ചവടം നടത്തി എന്നതിന് ബി.എന്‍.എസ് 285 പ്രകാരം ബിഹാര്‍ സ്വദേശിയായ 23കാരന്‍ പങ്കജ് കുമാറിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന നടപ്പാതയില്‍ തടസം സൃഷ്ടിച്ച് കച്ചവടം നടത്തിയെന്നാണ് കേസ്. പ്രധാന റോഡിനു സമീപം വണ്ടിയില്‍ നിന്ന് പുകയിലയും വെള്ളവും പങ്കജ് കുമാര്‍ വില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയില്‍ പറഞ്ഞു. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഇയാളോട് വണ്ടി മാറ്റാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും പങ്കജ് കുമാര്‍ പൊലീസ് നിര്‍ദ്ദേശം അവഗണിക്കുകയായിരുന്നു.
രാജ്യത്ത് പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ ഇന്നു മുതലാണ് പ്രാബല്യത്തില്‍ വന്നത്. നൂറ്റാണ്ടിലേറെയായി രാജ്യത്ത് നില നില്‍ക്കുന്ന ബ്രിട്ടീഷ് ക്രിമിനല്‍ നിയമങ്ങളായ ഇന്ത്യന്‍ ശിക്ഷാ നിയമം(ഐ.പി.സി), ക്രിമിനല്‍ നടപടി ക്രമം(സി.ആര്‍.പി.സി), ഇന്ത്യന്‍ തെളിവ് നിയമം (ഐ.ഇ.എ) എന്നിവ മാറ്റി തല്‍സ്ഥാനത്ത് യഥാക്രമം ഭാരതീയ ന്യായ സംഹിത(ബി.എന്‍.എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്), ഭാരതീയ സാക്ഷ്യ നിയമം (ബി.എസ്.എ) എന്നിവയാണ് നടപ്പാക്കുന്നത്.
നിയമ വിദഗ്ധരുടെയും പ്രതിപക്ഷത്തിന്റെയും ആവശ്യം തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമങ്ങളുമായി മുന്നോട്ടു പോകുന്നതെന്ന് പരാതിയുണ്ട്. പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വേളയിലാണ് ഈ നിയമം പാസാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് നിയമങ്ങളില്‍ മതിയായ ചര്‍ച്ചയും മുന്നൊരുക്കവും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നത്.
അതേസമയം, ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിന് വിപുലമായ ഒരുക്കം നടത്തിയതിന് ശേഷമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍, നിയമ പണ്ഡിതന്മാര്‍, പാര്‍ലമെന്റ് -നിയമസഭാ അംഗങ്ങള്‍, മുഖ്യമന്ത്രിമാര്‍ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, പൊലീസ് മേധാവികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പുറമെ നിയമവിദഗ്ദ്ധരുമായും മറ്റും 200വോളം തവണ ചര്‍ച്ച നടത്തിയിരുന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വെളിപ്പെടുത്തി.
