കുവൈത്തിലെ നിയമവിരുദ്ധ താമസക്കാര്‍ക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. നിയമലംഘകരായി കഴിയുന്ന വിദേശികള്‍ ഇന്നു രാത്രി 12ന് മുന്‍പ് രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 105 ദിവസം നീണ്ട പൊതുമാപ്പ് കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. മാര്‍ച്ച് 17 നാണ് പൊതുമാപ്പ് ആരംഭിച്ചത്. ജൂണ്‍ 17ന് കാലാവധി അവസാനിക്കാനിരിക്കെ രണ്ട് ആഴ്ച കൂടി നീട്ടുകയായിരുന്നു. നിയമലംഘകര്‍ക്കായുള്ള പരിശോധനകള്‍ നാളെ മുതല്‍ ശക്തമാക്കും. പൊതുമാപ്പ് കാലാവധിക്ക് ശേഷവും രാജ്യത്ത് തുടരുന്ന നിയമലംഘകരെ പിടികൂടി ആജീവനാന്ത പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. താമസ നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും പിഴ അടച്ച് താമസരേഖ പുതുക്കാനുമുള്ള അവസരമാണ് പൊതുമാപ്പ് കാലയളവില്‍ ലഭിച്ചത്. റസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച് കൊണ്ട് കുവൈറ്റില്‍ തുടരുന്നവര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.