ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളിയെ പോലുള്ളവര്‍ പ്രവര്‍ത്തിച്ചു; ഗുരുദര്‍ശനം തന്നെയാണോ പിന്തുടരുന്നത് ?; വെള്ളാപ്പള്ളി നടേശനെതിരെ എംവി ഗോവിന്ദന്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളിയെ പോലുള്ളവര്‍ പ്രവര്‍ത്തിച്ചു, എല്‍ഡിഎഫ് രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചതിനെതിരെയുള്ള പ്രസ്താവന ഈ ദിശയിലുള്ളതാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ദേശാഭിമാനിയിലെ പ്രതിവാര പംക്തിയിലാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം. ‘പലമതസാരവുമേകം’ എന്ന കാഴ്ച്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച ഗുരുദര്‍ശനം തന്നെയാണോ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടേതെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. ഇക്കാര്യം ശ്രീനാരായണ ദര്‍ശനം പിന്തുടരുന്നവര്‍ ആലോചിക്കണം. ഇന്ത്യന്‍ റിപ്പബ്ലിക്കും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐഎം കാണുന്നത്. ഈ നിലപാട് ആരെങ്കിലും തെറ്റായി മനസിലാക്കിയിട്ടുണ്ടെങ്കില്‍ ആ തെറ്റിദ്ധാരണ തിരുത്താന്‍ സിപിഎം ശ്രമിക്കും. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനുള്ള എല്ലാ ശ്രമവും പാര്‍ട്ടിയുടെയും നേതാക്കളുടെയും ഭാഗത്തുനിന്നും ഉണ്ടാകും. തെറ്റുകള്‍ ജനങ്ങളോട് ഏറ്റുപറഞ്ഞ് അവരുടെ വിശ്വാസം തിരിച്ചുപിടിക്കുക എന്നതാണ് സിപിഐഎമ്മിന്റെ ശ്രമമെന്നും എം വി ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നുണ്ട്. ഇടത്, വലത് മുന്നണികള്‍ക്ക് അതിരുവിട്ട മുസ്ലിം പ്രീണനമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്ലിം പ്രീണനം കാരണമാണെന്നും പിണറായി സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് അനര്‍ഹമായ എന്തെല്ലാമോ വാരിക്കോടി നല്‍കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. കേരളത്തില്‍ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളും മുന്നണികള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കിയെന്നും ജനാധിപത്യം മതാധിപത്യത്തിന് വഴിമാറി എന്നും വെള്ളാപ്പള്ളി ആരോപണമുന്നയിച്ചിരുന്നു. ന്യൂനപക്ഷ വോട്ട് യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാനുള്ള ആവേശത്തില്‍ എല്‍ഡിഎഫ് പിന്നാക്കവിഭാഗങ്ങളെ അവഗണിച്ചെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. കേരള കൗമുദിയില്‍ എഴുതിയ ലേഖനത്തിലായിരുന്നു ഈ പ്രസ്താവന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page