18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. ശബ്ദവോട്ടോടുകൂടിയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുത്തത്. രണ്ടാംതവണയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുക്കുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയാണ് സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ള. അഞ്ച് വര്‍ഷം സ്പീക്കറായി സേവനമനുഷ്ഠിച്ചതിന് ശേഷം വീണ്ടും സഭാനാഥനായ ബല്‍റാം ജാഖറിന് ശേഷം നേട്ടം സ്വന്തമാക്കുന്ന എംപിയാണ് ഓം ബിര്‍ള. ഓം ബിര്‍ളക്കും കൊടിക്കുന്നിലിനുമായി 16 പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം പ്രോട്ടെം സ്പീക്കര്‍ ശബ്ദവോട്ടോടെ അംഗീകരിച്ചു. ഓം ബിര്‍ള യെ സ്പീക്കറായി തെരഞ്ഞെടുക്കണം എന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വക്കുകയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു. പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികളും പിന്തുണച്ചു. പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷാണ് മത്സരിച്ചത്. കൊടിക്കുന്നിലിന് തൃണമൂല്‍ പിന്തുണ നല്‍കിയപ്പോള്‍ ഓം ബിര്‍ളയ്ക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ലമെന്ററി കാര്യമന്ത്രിയും ചേര്‍ന്ന് ഓംബിര്‍ളയെ സ്പീക്കര്‍ ചെയറിലേക്ക് ആനയിച്ചു. പ്രതിപക്ഷം സ്പീക്കര്‍ തെരഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി. സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പ്രോട്ടെം സ്പീക്കര്‍ക്ക് നന്ദി അറിയിച്ചു. ഓംബിര്‍ളയെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി അഭിനന്ദിച്ചു. പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കാത്തത് ജനാധിപത്യവിരുദ്ധമാണെന്നും സഭ കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നു എന്നതിനേക്കാള്‍ ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം എത്രത്തോളം സഭയില്‍ ഉയരുന്നുവെന്നുവെന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.