നിങ്ങൾ അപകടകരമായ സാഹചര്യത്തിലാണോ? എങ്കിൽ പോല്‍ ആപ്പിലെ എസ്‌ഒഎസ് ബട്ടണ്‍ ഒന്ന് അമര്‍ത്തൂ, പൊലീസ് നിങ്ങളെ സഹായിക്കാൻ ഓടിയെത്തും


അപകടകരമായ സാഹചര്യത്തിലാണെന്ന് മനസിലായാല്‍ ഉടനടി സഹായത്തിനു കേരള പൊലീസ് എത്തും. അപകടകരമായ അവസ്ഥയിലാണെന്ന് തോന്നിയാൽ അപ്പോൾ ഇനി മുതല്‍ പോല്‍ ആപ്പിലെ എസ്‌ഒഎസ് ബട്ടണ്‍ ഒന്ന് അമര്‍ത്തിയാല്‍ മതിയെന്ന് കേരള പൊലീസ് അറിയിച്ചു.
ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും ഉടന്‍ പൊലീസ് സഹായം ലഭിക്കുകയും ചെയ്യും. പോല്‍ ആപ്പില്‍ മൂന്ന് എമര്‍ജന്‍സി നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. അങ്ങനെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എസ്‌ഓഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങള്‍ അപകടത്തിലാണെന്ന സന്ദേശം എത്തും. വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. കേരള പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരും ഇ മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്. ഫേസ്ബുക്കിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. പൊലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേയ്ക്ക് അടയ്ക്കാനും ആപ്പ് ഉപയോഗിക്കാം. പാസ്‌പോർട്ട് പരിശോധനയുടെ നിലവിലെ അവസ്ഥ അറിയാനും മുതിർന്ന പൗരന്മാർക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി ആപ്പിൽ പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഈ നമ്പറുകളിലേയ്ക്കു എസ്ഒഎസ് കാൾ ചെയ്യാനും സാധിക്കും. സ്റ്റേഷൻ ഹൗസ് ഓഫീസറുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം നിശ്ചയിക്കാനും വനിതകൾക്ക് ഈ ആപ്പ് മുഖേന സാധിക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page