കാസര്‍കോട്: പണയസ്വര്‍ണ്ണം വീണ്ടെടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘം അറസ്റ്റില്‍. ദമ്പതികളടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇവര്‍ കാസര്‍കോട് ജില്ലയിലും വ്യാപകമായ തട്ടിപ്പ് നടത്തിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണം തുടരുന്നു. മട്ടന്നൂര്‍, വലിയമ്പ്ര ഡാമിനു സമീപത്തെ മൊട്ടമ്മല്‍ ഹൗസില്‍ കെ. റസാഖ് (38), ഉളിയില്‍, പടിക്കച്ചാലിലെ ബി.കെ റഫീഖ് (39), ഇയാളുടെ ഭാര്യ ബി.കെ റഹ്യാന(33), പഴയങ്ങാടി, സീനാക്ഷി ഹൗസിലെ ടി.എസ് മുഹമ്മദ് റാഫി (60) എന്നിവരെയാണ് കൂത്തുപറമ്പ് എ.സി.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ ജ്വല്ലറി ഉടമയായ ദിനേശന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം അറസ്റ്റിലായത്. മട്ടന്നൂര്‍ എസ്.ബി.ഐ ശാഖയില്‍ പണയപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ 15 ലക്ഷം രൂപ നല്‍കിയാല്‍ സ്വര്‍ണ്ണം ഇവിടെ തന്നെ വില്‍പ്പന നടത്താമെന്ന കരാറുണ്ടാക്കി. ഇത് വിശ്വസിച്ച ജ്വല്ലറി ഉടമ 15 ലക്ഷം രൂപയുമായി തന്റെ ജീവനക്കാരനെ മട്ടന്നൂരിലേക്ക് അയച്ചു. ഓട്ടോയില്‍ ആയിരുന്നു യാത്ര. തൊട്ടുപിന്നാലെ ജ്വല്ലറി ഉടമയ്ക്ക് വീണ്ടുമൊരു ഫോണ്‍ കാള്‍ എത്തി. തനിക്ക് അതാവശ്യമായി മറ്റൊരിടം വരെ പോകാനുണ്ടെന്നും സ്വര്‍ണ്ണം പണയം വെച്ച തന്റെ ഭാര്യ ബാങ്കിനു മുമ്പില്‍ കാത്തിരിക്കുമെന്നും പണവുമായി തിരിച്ച ജ്വല്ലറി ജീവനക്കാരനോട് പറഞ്ഞു.
ഇതനുസരിച്ച് ബാങ്കിന് മുന്നില്‍ എത്തിയപ്പോള്‍ പര്‍ദ്ദ ധരിച്ച യുവതി ജീവനക്കാരനെയും കാത്ത് നില്‍ക്കുകയായിരുന്നു. കാര്യങ്ങള്‍ സംസാരിച്ചതിന് ശേഷം പണം കൈമാറി. 14 ലക്ഷം മാത്രം മതിയെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ യുവതി ജീവനക്കാരന് തന്നെ തിരികെ നല്‍കി. വിശ്വാസം വരുത്തുന്നതിനാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പണവുമായി ബാങ്കിനകത്തേക്ക് യുവതി കയറി പോകുമ്പോള്‍ ജീവനക്കാരനും പിന്തുടര്‍ന്നു. എന്നാല്‍ യുവതി ഇതിനെ വിലക്കി. ബാങ്കിനകത്തു തന്റെ ബന്ധുക്കള്‍ ഉണ്ടെന്നും അവരുടെ മുന്നില്‍ വെച്ച് സ്വര്‍ണ്ണം നല്‍കാന്‍ കഴിയില്ലെന്നും യുവതി പറഞ്ഞു. ഇതോടെ ബാങ്കിനു പുറത്ത് കാത്തിരിക്കാമെന്ന് ജീവനക്കാരന്‍ യുവതിയോട് പറഞ്ഞു.
എന്നാല്‍ ഒരു മണിക്കൂറോളം നേരം ജ്വല്ലറി ജീവനക്കാരന്‍ കാത്തിരുന്നിട്ടും പണവുമായി ബാങ്കിനകത്തേക്ക് പോയ യുവതി പുറത്തേക്ക് വന്നില്ല, സംശയം തോന്നിയ ജീവനക്കാരന്‍ ബാങ്കിനകത്തു പോയി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പൊളിഞ്ഞത്. തുടര്‍ന്ന് വിവരം ജ്വല്ലറി ഉടമയെ അറിയിച്ചു. ഉടന്‍ തന്നെ പൊലീസില്‍ പരാതിയും നല്‍കി. എ.സി.പി കെ.പി വേണുഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരം മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. ഏതാനും ദിവസം മുമ്പ് പഴയങ്ങാടിയിലെ ഒരു ജ്വല്ലറി ഉടമയെയും സംഘം സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇതേ സംഘം കാസര്‍കോട് ജില്ലയിലും സമാനരീതിയില്‍ ലക്ഷങ്ങള്‍ തട്ടിയതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് പരാതി നല്‍കാത്തതാണ് തട്ടിപ്പ് സംഘത്തിന് തുണയായതെന്ന് പൊലീസ് പറഞ്ഞു.
