നാലാം ഖണ്ഡത്തിലെ അഞ്ചാമത്തെ മന്ത്രം:
ഏതദ്ധ സ്മ തദ് വിദ്വാംസ: ആഹു: പൂര്‍വ്വേ
മഹാശാല: മഹാശ്രോത്രിയാ: ന നോദ്യ
കശ്ചനാശ്രുതമമതമവിജ്ഞാതമുദാഹരീഷ്യതീതി
ഹ്യേദ്ദ്യോവിദാംചക്രു:
സാരം: ഈ ത്രിവൃത്കരണത്തിന്റെ അല്ലെങ്കില്‍ പഞ്ചീകരണത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ അറിഞ്ഞവരായിരുന്നു പണ്ടുള്ള മഹാശ്രോതിയന്മാരായ ഗൃഹസ്ഥന്മാര്‍. അവര്‍ ഇപ്രകാരം പറയുകയുണ്ടായി
‘ഞങ്ങളുടെ വംശത്തില്‍ ഇപ്പോള്‍ ആരും തന്നെ അറിയാത്തതിനെ അറിഞ്ഞതായോ കേള്‍ക്കാത്തതിനെ കേട്ടതായോ മനനം ചെയ്യാത്തതിനെ അറിഞ്ഞതായോ പറയാറില്ല കാരണം അവര്‍ എല്ലാത്തിന്റെയും (ത്രിവൃത്കരണത്തിന്റെയും പഞ്ചീകരണത്തിന്റെയും) സത്യം സ്വയം അനുഭൂതിതലത്തില്‍ അറിഞ്ഞവരായിരുന്നു. മേലുദ്ധരിച്ച മന്ത്രത്തിലൂടെ ഉപനിഷത്ത് കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയും വിദ്യാഭ്യാസ നിലവാരവും വ്യക്തമാവുന്നു. ആധ്യാത്മികപാത തിരഞ്ഞെടുത്ത മഹര്‍ഷിമാര്‍ മാത്രമല്ല, സാധാരണക്കാരായ ഗൃഹസ്ഥന്മാര്‍ പോലും വേദാന്ത തത്വം ഉള്‍ക്കൊണ്ടവരാണെന്നും അതവര്‍ അനുഭൂതി തലത്തില്‍ അനുഭവിച്ചവരാണെന്നും ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു. കാരണം അവര്‍ പന്ത്രണ്ടു വര്‍ഷക്കാലത്തെ ഗുരുകുല വിദ്യാഭ്യാസം നേടിയത് ഉദരപൂരണത്തിനുള്ള ഉപാധിയായിട്ടല്ല മറിച്ച്, ആത്മീയമായ ഉത്കര്‍ഷത്തിനും സദാചാര ജീവിതം നയിക്കുന്നതിനുള്ള വഴികാട്ടിയായും മാത്രമായിരുന്നു.
ഋഷി തുടര്‍ന്നു പറയുന്നു: വസ്തുക്കളില്‍ ചുവപ്പുനിറത്തില്‍ കാണുന്നതെല്ലാം തേജസിന്റെ സാന്നിധ്യമാണെന്നും വെളുത്തത് ജലാംശത്തിന്റെ സൂചനയാണെന്നും കറുപ്പ് നിറത്തില്‍ കാണുന്നത് അന്നത്തിന്റെ അഥവാ പൃഥ്വിയുടെ അംശമാണെന്നും അവര്‍ക്ക് അറിയാമായിരുന്നു. കാണപ്പെടുന്ന വസ്തുക്കള്‍ ഒക്കെയും തേജസ്, അപ്പ്, അന്നം(ഭൂമി) എന്നീ മൂന്നു ദേവതകളുടെ സമന്വയമാണെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. അതുപോലെ മൂന്നു വര്‍ണ്ണങ്ങളെ പ്രത്യക്ഷത്തില്‍ കാണാത്തവയും ഈ മൂന്ന് ദേവതകളുടെ സമന്വയമാണെന്നും അവര്‍ മനസ്സിലാക്കി. അത് പോലെ മൂന്ന് വര്‍ണ്ണങ്ങളായി പ്രത്യക്ഷത്തില്‍ കാണാത്തവയും ഈ മൂന്ന് ദേവതകളുടെ സംഘാതമാണെന്നും അവര്‍ക്കറിയാമായിരുന്നു. ത്രിവൃത്കരണത്തിന്റെ സത്യം മകനെ മനസ്സിലാക്കിക്കഴിയുന്നതോടെ നാലാം ഖണ്ഡം അവസാനിക്കുന്നു. അടുത്തഖണ്ഡത്തില്‍ മനുഷ്യ ശരീരത്തില്‍ ഈ തൃവൃത്കരണം എപ്രകാരമാണ് നടക്കുന്നതെന്നാണ് വിവരിക്കാന്‍ പോകുന്നത്.
(തുടരും)