
കാസര്‍കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയ ശേഷം തല്ലിക്കൊന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു കൊണ്ടുള്ള ഉത്തരവ് കാസര്‍കോട്ടെത്തി. ഇതേ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ സൈലന്റ് സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. നാട്ടിലും ഗള്‍ഫിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊലക്കേസിന്റെ അന്വേഷണ ഫയലുകള്‍ കൈമാറുന്നതോടെ അന്വേഷണം ഊര്‍ജ്ജിതമായി നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ ആലോചന. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലുള്ള കേസ് ഫയലുകള്‍ തിങ്കളാഴ്ച ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.
2022 ജൂണ്‍ 26ന് ആണ് പുത്തിഗെ, മുഗുവിലെ അബൂബക്കര്‍ സിദ്ദിഖി(32)നെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ഗള്‍ഫിലായിരുന്ന സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെയാണ് തട്ടിക്കൊണ്ടു പോയത്.
പൈവളിഗെയിലെ ആളൊഴിഞ്ഞ വീട്ടിലും പറമ്പിലും വെച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. അബൂബക്കര്‍ സിദ്ദിഖിന്റെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കാറില്‍ കയറ്റി ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ച് ക്വട്ടേഷന്‍ സംഘം രക്ഷപ്പെട്ടുവെന്നാണ് കേസ്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും പ്രതികളെ അറസ്റ്റ് ചെയ്തുവെങ്കിലും ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കം തുടരുന്നതിനിടയിലാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഉത്തരവായത്.