കാസര്‍കോട്: വാഹനപരിശോധനയ്ക്കിടയില്‍ നിര്‍ത്താതെ പോയ സ്‌കൂട്ടറില്‍ നിന്ന് എക്‌സൈസ് സംഘം കര്‍ണ്ണാടക നിര്‍മ്മിത മദ്യം കണ്ടെടുത്തു. യുവാവിനെ അറസ്റ്റ് ചെയ്തു. ചെങ്കള കൊടകോലുവീട്ടില്‍ കെ.ജെ പ്രസാദി(36)നെയാണ് ബദിയഡുക്ക എക്‌സൈസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ബദിയഡുക്ക ബീജന്തടുക്കയിലാണ് സംഭവം. ബദിയഡുക്ക റേഞ്ച് ഇന്‍സ്പെക്ടര്‍ കെ. സുബിന്‍ രാജും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്‌കൂട്ടര്‍ എത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈകാണിച്ചുവെങ്കിലും സ്‌കൂട്ടര്‍ നിറുത്താതെ പോവുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ എക്‌സൈസ് രണ്ടു കിലോമീറ്ററോളം പിന്‍തുടര്‍ന്നാണ് സ്‌കൂട്ടര്‍ പിടികൂടിയത്.
സ്‌കൂട്ടറിന്റെ ഡിക്കി പരിശോധിച്ചപ്പോഴാണ് 30 ടെട്രാ പാക്കറ്റ് മദ്യം കണ്ടെടുത്തത്. 2022ല്‍ കര്‍ണ്ണാടക മദ്യം പിടിച്ച കേസില്‍ പ്രതിയായ പ്രസാദ് ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
എക്‌സൈസ് സംഘത്തില്‍ സി.ഇ.ഒമാരായ വി. ശാലിനി, എല്‍. മോഹനകുമാര്‍, കെ.പി ജോബി, കെ. വിനോദ് എന്നിവര്‍ ഉണ്ടായിരുന്നു.
