എന്തിന്, എനിക്ക് മാത്രം ഇത്ര സങ്കടം..

”നല്ലൊരു മനുഷ്യനായിരുന്നു. ജീവിക്കാന്‍ അയാള്‍ക്ക് യോഗല്ല അതന്നെ അല്ലാതിപ്പോ എന്തിനാ ഈ മരണം.’
ആ പിള്ളേരെയെങ്കിലും ഓര്‍ക്കായിരുന്നില്ലേ അയാള്‍ക്ക്.’
നമ്മള്‍ ഇപ്പോള്‍ പറഞ്ഞിട്ടെന്താ ഓരോരുത്തര്‍ക്കും ഓരോ വിധിയല്ലേ.’
കടം കയറി മൂടിന്നാ കേട്ട് കേള്‍വി. വീട്ടാന്‍ കഴിയില്ലെന്ന് മനസ്സിലായി കാണും. മുതലാളിക്ക് തന്നെ പത്തിരുപതയ്യായിരം കൊടുക്കാനുണ്ടത്രെ.’
നാട്ടുകാര്‍ ഇയാളെ പറ്റിച്ചു. ഇയാള്‍ മരണം കൊണ്ട് മുതലാളിയെയും.അങ്ങേരുടെ പണം പോയി കിട്ടി അത്ര തന്നെ.’
പിന്നേയും പിന്നേയും അവരെന്തൊക്കയോ പറയുന്നുണ്ടായിരുന്നു.
കേള്‍ക്കാനുള്ള കരുത്തെനിക്കില്ലാത്തത് കൊണ്ട് ഇരുകൈകള്‍ കൊണ്ടും ഞാനെന്റെ ചെവികള്‍ അമര്‍ത്തി പിടിച്ചു.
വൈകാതെ വെള്ള പുതച്ച ഉപ്പയുടെ ശരീരവും ചുമന്ന് അവരാ വീടിന്റെ ഉമ്മറത്തേക്ക് കയറി വന്നു.
അപ്പോഴേക്കും വീടിനകത്തെ തേങ്ങലിന്റെ ശക്തി കൂടി അലര്‍ച്ചകളും പൊട്ടികരച്ചിലുകളുമായി മാറിയിരുന്നു.
ഉത്തരം പറയാന്‍ ഉപ്പയ്ക്കാവില്ലെന്നറിയാമെങ്കിലും ‘എന്തിനിത് ചെയ്തെന്ന് ‘ ഉമ്മ പിന്നെയും പിന്നേയും ഉറക്കെയുറക്കെ ചോദിച്ചു കൊണ്ട് നെഞ്ചിലടിച്ചു നില വിളിക്കുന്നുണ്ട്. നിനക്ക് കാണണ്ടേയെന്ന് ചോദിച്ചു കൊണ്ട് ആരോ എന്റെ കൈ പിടിച്ചു മയ്യത്തിന്റെ അടുത്തേക്ക് നടത്തി. ഒറ്റ നോട്ടം മാത്രമെ ഞാന്‍ നോക്കിയുള്ളു. ചോര വറ്റി നീലിച്ച ചുണ്ടും വെയില്‍ കൊണ്ട് കരിവാളിച്ചത് പോലെ കറുത്തിരണ്ട മുഖവും എന്നെ ഒന്ന് ഭയപ്പെടുത്തി. എന്റെ ഉപ്പയല്ല ഇതെന്നു ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു പക്ഷെ ആരും കേള്‍ക്കില്ല ആരുമത് വിശ്വസിക്കുകയുമില്ല. അടുത്ത നിമിഷം മുറുകി പിടിച്ച മുല്ലാക്കയുടെ കയ്യില്‍ നിന്ന് കുതറി മാറി കൊണ്ട് മുന്നില്‍ കണ്ട വഴിയിലൂടെ ലക്ഷ്യമില്ലാതെ ഞാനോടുമ്പോ പിന്നില്‍ നിന്ന് ആരൊക്കയോ എന്റെ പേര് ഉച്ചത്തില്‍ വിളിക്കുന്നുണ്ടായിരുന്നു.
എങ്കിലും തിരിഞ്ഞു നോക്കാനോ മറുപടി പറയാനോ ഞാന്‍ മെനകെട്ടില്ല. കിതപ്പ് അസ്സഹനീയമായപ്പോ തകര്‍ന്ന് വെറും മണ്ണിലേക്കിരുന്നു പോവുകയായിരുന്നു. അടുത്ത നിമിഷം തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഞാനൊന്ന് അലറി വിളിച്ചു.
തേങ്ങല്‍ അവസാനിപ്പിക്കാന്‍ കഴിയാതെ ഉച്ചത്തില്‍ പിന്നെയും പിന്നേയും ഞാന്‍ അലറി വിളിച്ചു..
ആരും കണ്ടില്ല..ആരും കേട്ടുമില്ല. അല്ലെങ്കിലും യത്തീമായി പോയവന്റെ വേദന ഇനി ആരറിയാനാണ്.
ഉപ്പായില്ലാത്ത ഈ ശൂന്യത നികത്താന്‍ ഇനി ആരാണുണ്ടാവുക.
എത്ര നേരം അവിടെ കിടന്ന് അങ്ങനെ കരഞ്ഞെന്ന് എനിക്കിപ്പോഴും ഓര്‍മയില്ല.
പിന്നെ ഒരിക്കലും ഞാനെന്റെ ഉപ്പയെ കണ്ടിട്ടില്ല. മയ്യത്ത് കട്ടില്‍ പിടിക്കാനോ അവസാനത്തെ ഒരു പിടി മണ്ണിടാണോ എനിക്കായതുമില്ല.
മരണത്തിന്റെ മൂന്നാംപക്കം നേര്‍ച്ച ചോറും കഴിഞ്ഞാണ് ഞാന്‍ പിന്നെ ഉപ്പയുടെ ഖബറിനരികിലേക്ക് ചെന്നത്.
ഉമ്മ തന്ന് വിട്ട് മൈലാഞ്ചി കമ്പ്, തല ഭാഗത്ത് നാട്ടുമ്പോ എന്റെ കൈ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
ആ മരണം പതിയെ തണുത്ത് തുടങ്ങിയെങ്കിലും ഉപ്പയുടെ പേരിലുള്ള നാട്ടിലെ കഥകള്‍ക്ക് പിന്നേയും ചൂട് പിടിച്ചു തുടങ്ങി.
പല ഭാഗത്തു നിന്നും പലകഥകളും പിന്നേയും ഉയര്‍ന്ന് കഴിഞ്ഞു. കെട്ടി തൂങ്ങിയ മരത്തിന്റെ താഴെ 27 കല്ലുകള്‍ നിരത്തി വെച്ചിരുന്നത്രെ.
അതിന് മേല്‍ മുതലാളിയുടെ ചുവന്ന തോര്‍ത്തും. തന്റെ സന്തതസഹചാരിയായിരുന്ന ടോര്‍ച്ചും സ്ഥാപിച്ചിരുന്നു പോലും.
ആ ചെയ്ത്തിന്റെ അര്‍ത്ഥം പറഞ്ഞത് ഉപ്പയുടെ മുതലാളിതന്നെയാണ്.
അദ്ദേഹത്തിന് കൊടുക്കാനുണ്ടായിരുന്ന ഇരുപത്തേഴായിരം രൂപയുടെ പ്രതീകമായി 27 കല്ലുകളും കൊടുക്കേണ്ട ആളെന്ന പേരില്‍ അതിന് മുകളില്‍ വെച്ച മുതലാളിയുടെ ചുവന്ന തോര്‍ത്തുമായിരുന്നു.
എങ്കിലും എന്തിനാവും എന്റെ ഉപ്പാ മരിച്ചതെന്ന എന്റെ ചോദ്യത്തിന് അപ്പോഴും ഉത്തരം കിട്ടിയില്ലായിരുന്നു.
ചിലപ്പോള്‍ അഭിമാനിയായ അന്ദ്രുമാന്റെ ആത്മാഭിമാനത്തിന്, ഉണങ്ങാനും ഉണക്കാനും കഴിയാത്തത്ര ആഴത്തില്‍ മുറിവേറ്റിട്ടുണ്ടാകും. അതാകും മരണകാരണം.അല്ലായിരുന്നുവെങ്കില്‍ കയ്യില്ലാത്തവനും കാലില്ലാത്തവനും ജീവിക്കുന്ന ഈ ലോകത്ത് കൈപ്പത്തിയറ്റ് പോയവന് ജീവിക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു.
ഉയര്‍ത്തിപ്പിടിച്ച തല താഴ്ത്തേണ്ടി വന്നപ്പോള്‍ വേദനിച്ചു കാണും. ഇനിയൊരിക്കലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയില്ലെന്ന് ഉറപ്പിച്ചു കാണും.അല്ലായിരുന്നെങ്കില്‍ എന്റെ ഉപ്പ ഉറപ്പായും മരിക്കില്ലായിരുന്നു ഞങ്ങളെ മറക്കില്ലായിരുന്നു..
ഇന്നും ഞാനങ്ങനെ എന്റെ മനസ്സിനെ സ്വയം വിശ്വസിപ്പിക്കുന്നു. എങ്കിലും എന്റെ കൈ വെള്ളയിലേക്ക് വരുന്ന ഓരോ നോട്ടിനും എന്റെ ഉപ്പയുടെ ജീവന്റെ വിലയുണ്ടെന്ന് വെറുതെ തോന്നി പോകാറുണ്ട്.
കടം കയറി ആത്മഹൂദി ചെയ്തവന്റെ മകന്‍ ഇന്ന് പണം കൊണ്ട് അമ്മാനമാടുന്നു. പടച്ചവന്റെ ഓരോ തീരുമാനങ്ങള്‍ അല്ലാതെന്ത് പറയാന്‍. ആ വേദന ഇന്നും ഉള്ളിലിങ്ങനെ നീറിപ്പുകയുന്നതു കൊണ്ടാവും ജാതിയും മതവും നോക്കാതെ മുന്നില്‍ കാണുന്ന നിര്‍ധനരായ മനുഷ്യര്‍ക്കൊക്കെ തന്നാല്‍ കഴിയുന്നത് ആരും കാണാതെ അവരുടെ കൈവെള്ളയിലേക്ക് ചുരുട്ടി വെക്കാന്‍ എന്നെ പഠിപ്പിച്ചതും അതിന്നും മറക്കാതെ പാലിച്ചു പോകുന്നതും.
അതല്ലെങ്കില്‍ പിന്നെ കടന്നുവന്ന സ്വന്തം ജീവിതം എന്നെ പഠിപ്പിച്ച പാഠങ്ങളില്‍ നിന്നോ ആവാം. എത്ര വേഷങ്ങള്‍ എത്ര അനുഭവങ്ങള്‍ എത്ര വേദനകള്‍. ഹാ. ഓര്‍ക്കുമ്പോളിപ്പോഴും എനിക്ക് തന്നോട്് തന്നെ വല്ലാത്ത അത്ഭുതം തോന്നാറുണ്ട്. കടന്നുവന്ന വഴികളും അനുഭവങ്ങളും അത്രയും ദുര്‍ഘടം പിടിച്ചതായിരുന്നു. ഉപ്പയെപ്പോലെ സ്വന്തം ജീവന്‍ തന്നെ വേണ്ടാന്ന് തോന്നിയ നിമിഷം വരെ ഉണ്ടായിട്ടുണ്ട്. ആരുടെയോ പ്രാര്‍ത്ഥനയുടെ ഫലമെന്നത് പോലെ പുതിയ ജീവിതത്തിലേക്ക് വീണ്ടും ആരോ കൈപിടിച്ചു കയറ്റുകയായിരുന്നു. കോയമ്പത്തൂരില്‍ മുട്ട കച്ചവടവുമായി നടന്നിരുന്ന കാലം.
അരവയറുണ്ടും ഊറ്റിയും ഇറുക്കിയും സമ്പാദിച്ചു വെച്ച പണം, കൂടെ ഉണ്ടായിരുന്ന മനുഷ്യന്റെ വേദന കണ്ടപ്പോ ഒന്ന് തിരിമറിക്ക് വേണ്ടി കൊടുത്തതാണ്. ഉമ്മയെപ്പോഴും പറയാറുണ്ട് സ്വന്തം കുടുംബത്തിന്റെ വയറെരിയുന്നതറിഞ്ഞാലും നിന്റെ ഉപ്പാക്ക് വേവലാതി ആരാന്റെ കുടിയിലെ കഞ്ഞിക്കലത്തിനെ ഓര്‍ത്താവുമെന്ന്. പട്ടിണി കിടക്കുമ്പോഴും ദാനം കൊടുക്കാന്‍ ഉപ്പ കാണിക്കുന്ന മനസ്സിനെ പലപ്പോഴും വാക്കുകള്‍ കൊണ്ട് ഉമ്മ എതിര്‍ക്കാറുണ്ട്. അത് കൊടുക്കുന്നത് കൊണ്ടുള്ള വേവലാതിയല്ല,മറിച്ച് സ്വന്തം അടുപ്പ് പുകയിക്കാന്‍ കഴിയാത്തത്തിലുള്ള മനോവിഷമത്തിന്റെ പുറത്താണ്. അതേ രക്തത്തിന്റെ ബാക്കിപത്രമായത് കൊണ്ടാവാം കൂടെയുള്ളവരുടെ കണ്ണ് നിറയുമ്പോള്‍ മനസ്സിടറി പോകുന്നത്. പണം തിരികെ തരാമെന്നേറ്റ തിയ്യതി പലതും കഴിഞ്ഞു. ഒരുപാട് തവണ ഓര്‍മപ്പെടുത്തി, ചോദിച്ചു നോക്കി പക്ഷെ തരാമെന്ന് പറയുന്നതല്ലാതെ അതിന് മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല.ഒരു ബിസിനസ് സ്വപ്നം കണ്ട് ശേഖരിച്ചു വെച്ച പണമായിരുന്നു. പലരുടെയും കാലു പിടിച്ചും,പിന്നാലെ നടന്നും ചെയ്യാന്‍ ഉദ്ദേശിച്ച ബിസിനസ്സിന്റെ എല്ലാ കാര്യങ്ങളും ശരിയാക്കി.
പക്ഷേ കൊടുക്കാമെന്നേറ്റ പണം മാത്രം ഇപ്പോഴും അയാളുടെ കയ്യിലാണ്. കരഞ്ഞു കാല്‍ പിടിച്ചപ്പോ ഒരു ദിവസത്തെ അവധി കൂടെ പണം നല്‍കാന്‍ എനിക്കവര്‍ നല്‍കി.പക്ഷെ ആ ദിവസം അവസാനിക്കാന്‍ പോകുന്ന അന്ന്, അന്ന് ഞാന്‍ ശരിക്കും തോറ്റു പോയെന്നെനിക്ക് തോന്നി.മുന്നില്‍ മറ്റൊരു വഴിയും ഇനി തെളിയാനില്ല.ആകെ തുറന്ന് കിട്ടിയ വാതിലാണ് ഇപ്പോ മുന്നില്‍ കൊട്ടിയടക്കാന്‍ പോകുന്നത്.മുന്നില്‍ വലിയ ഇരുട്ടും ശൂന്യതയും മാത്രം.ഉപ്പയുടെ ജീവിതത്തില്‍ നിന്നുള്ള ഇറങ്ങിപോക്കിനെ കുറിച്ച് പലരും കുറ്റം പറയുന്നത് ഒളിഞ്ഞും തെളിഞ്ഞും ഞാന്‍ കേട്ടിട്ടുണ്ട്.
ഇപ്പോ ഞാനും അതേ വഴിയില്‍ പകച്ചു നില്‍ക്കുകയാണ്. മടുത്തു. ശരിക്കും മടുത്തു പോയിരിക്കുന്നു.രാവും പകലുമില്ലാതെ പട്ടിയെ പോലെ പണിയെടുത്തിട്ടും കരകയറാന്‍ കൈകാലിട്ടടിച്ചിട്ടും വീണ്ടും കുഴിയിലേക്ക് ചവിട്ടിയാഴ്ത്തുകയാണ് വിധി.
ഇനിയും പൊരുതാന്‍ വയ്യാതായിരിക്കുന്നു. കൈകാലുകള്‍ക്കൊപ്പം മനസ്സും മരിച്ച് പോയിരിക്കുന്നു. ഇനി ജീവച്ഛവം പോലെ ശരീരം മാത്രമായിട്ടിനിയെന്തിനാ. അതും നശിപ്പിച്ചേക്കാം.. വേദനകളും സങ്കടങ്ങളും ശ്വാസം മുട്ടിക്കുമ്പോള്‍ ഇടക്ക് പോയിരിക്കുന്ന ഒരിടമുണ്ട്. അവിടം തന്നെയാവട്ടെ എന്റെ അവസാന ശ്വാസത്തിന്റെ പിടച്ചിലും. ആളും ആരവങ്ങളൊന്നുമില്ലാത്ത ഒഴിഞ്ഞൊരിടം.
പടിഞ്ഞാറില്‍ നിന്ന് കുത്തിയൊലിക്കുന്ന പുഴ.അതിന് മുകളില്‍ കൂടെ കടന്ന് പോകുന്ന റെയില്‍ പാലം.
അതില്‍ കൂടെ സഞ്ചരിക്കുന്ന ആകെ ഒരാള്‍ ഇടയ്ക്ക് എപ്പോഴെങ്കിലും കടന്നുപോകുന്ന ട്രെയിന്‍ മാത്രമാണ്.
മരിക്കാനുള്ള പല വഴികളും ചിന്തിച്ചുവെങ്കിലും ഏറ്റവും എളുപ്പമെന്ന് തോന്നിയത് ആ പാലത്തിന്റെ മുകളില്‍ നിന്ന് പുഴയിലേക്ക് ചാടുക എന്നതായിരുന്നു. ശക്തമായി ഒഴുകുന്ന പുഴ കുറച്ച് അകലേക്ക് ഒഴുകികഴിഞ്ഞാല്‍ അറബിക്കടലിലേക്ക് ചെന്ന് ചേരും. പിന്നെ ഒന്നും പേടിക്കണ്ട ഏതെങ്കിലും കൂറ്റന്‍ മീനിന്റെ ഭക്ഷണമാവാം അല്ലെങ്കില്‍ മൂന്നാം പക്കം വീര്‍ത്ത് പൊങ്ങി ഏതെങ്കിലും കരക്കടിയും. അജ്ഞാത ശവമെന്നോ, അവകാശികളില്ലാത്തവനെന്നോ മുദ്ര കുത്തി ഏതെങ്കിലും പള്ളിമുറ്റത്ത് അടക്കപ്പെടുമായിരിക്കും. അല്ലെങ്കിലും അത് തന്നെയാണ് നല്ലത്.
എന്തിനാണ് വെറുതെ അവകാശികളെയും തിരഞ്ഞ് ഉപകാരമില്ലാത്ത, ചലനമറ്റ ഞാന്‍ നാട്ടിലേക്ക് മടങ്ങിപ്പോകുന്നത്.
ആഞ്ഞു വലിഞ്ഞു അവിടേക്ക് നടക്കുമ്പോഴും മനസ്സിലേക്ക് പഴയ ചിത്രങ്ങളും മുഖങ്ങളുമൊക്കെ ഇങ്ങനെ ഓടിയെത്തുന്നുണ്ട്. ഉമ്മ പെങ്ങന്മാര്‍, എന്നെ മാത്രം പ്രതീക്ഷിച്ചു വന്ന ഒരുപാവം പെണ്‍കുട്ടി. അവരുടെ സ്ഥിതി ഇനി എന്താവും.
ഇതറിയുമ്പോ ചിലപ്പോ അവര്‍ അലമുറയിട്ട് കരയുമായിരിക്കും. ഞാന്‍ മാത്രം മതിയായിരുന്നല്ലോയെന്ന് പറഞ്ഞ് പരിതപിക്കുമായിരിക്കും. ഇനി ഞാന്‍ മരിച്ചു പോയതറിഞ്ഞില്ലെങ്കിലോ. എന്നെങ്കിലും മടങ്ങി വരുമെന്ന് കരുതി അവള്‍ എനിക്ക് വേണ്ടി പിന്നെയും കാത്തിരിക്കുമോ. അറിയില്ല… ആരുമില്ലാത്തവര്‍ക്ക് ആരെങ്കിലും കാവലുണ്ടാകും അത്രമാത്രമേ ഇപ്പോ എനിക്ക് പറയാനാവു. അവരെനിക്ക് പൊറുത്ത് തരുമായിരിക്കും. ഉപ്പയെ പോലെ മകനും ജീവതത്തില്‍ നിന്ന്, ഒരു വിഡ്ഢിയെ പോലെ ഓടിയൊളിച്ചെന്ന് നാട്ടുകാര്‍ പരിഹസിച്ചു പറയുമായിരിക്കും. ഒരേ വിധിയെന്ന് പറഞ്ഞു മറ്റുചിലര്‍ ആശ്വാസം കണ്ടെത്തും.
സത്യത്തില്‍ സ്വയം മരിച്ചു പോയവരൊന്നും തോറ്റുപോയത് കൊണ്ടാവില്ല.
ഉള്ള് മുറിഞ്ഞു മുറിഞ്ഞു പഴുത്ത് വൃണമായി ദുര്‍ഗന്ധം പുറത്തേക്ക് വമിച്ചു തുടങ്ങുമ്പോള്‍ സഹിക്കാന്‍ കഴിയാതെ മരണത്തെ വരിക്കുന്നവരാണ്. അവര്‍ വിഡ്ഢികളോ തോറ്റു പോയവരോ അല്ല. ഖനീഭവിച്ച ദുഃഖത്തിന്റെ ഭാരം താങ്ങാനാവാതെ വരുമ്പോള്‍ സ്വയം മരണത്തിലേക്ക് വീണു പോകുന്നവരാണ്. ചിന്തകളിങ്ങനെ പിന്നേയും കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ ഓടിക്കൊണ്ടിരിക്കുകയാണ്. പാലത്തിന്റെ മുകളില്‍ നിന്ന് താഴേക്കു നോക്കുമ്പോള്‍ കുത്തിയൊലിച്ച് ആര്‍ത്തൊഴുകുന്ന പുഴ തന്നെ മരണത്തിലേക്ക് മാടി വിളിക്കുന്നത് പോലെ എനിക്ക് തോന്നി. കണ്ണില്‍നിന്ന് കണ്ണീര്‍ നിര്‍ത്താതെഒഴുകുന്നുണ്ട്. ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലായിരുന്നു എനിക്ക്. അതുകൊണ്ടാണ് വീണു പോയപ്പോഴൊക്കെ വീണ്ടും എഴുന്നേറ്റ് ഓടിക്കൊണ്ടേയിരുന്നത്. പക്ഷേ വിധി വീണ്ടും വീണ്ടും എന്നെ തോല്‍പ്പിച്ചു കൊണ്ടിരിക്കുകയല്ലേ.
ഇനിയും തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല. എല്ലാ സ്വപ്നങ്ങള്‍ക്കും അവധി വെച്ച് തിരികെ വീട്ടിലേക്ക് ചെന്നാലും തനിക്ക് ലഭിക്കാന്‍ പോകുന്നത് അപമാനങ്ങളും കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും പരിഹാസങ്ങളുമൊക്കെ തന്നെയാകുമെന്ന് എനിക്കുറപ്പുണ്ട്. ആ ചിത്രങ്ങളിങ്ങനെ മനസ്സിലേക്ക് വീണ്ടും തെളിഞ്ഞു വന്നതും പുഴയിലേക്ക് ഞാന്‍ കുതിച്ചുചാടിയതും ഒരുമിച്ചായിരുന്നു.
ഒഴുക്കിനിടയിലെ ഇടവേളയില്‍ പുഴയില്‍ നിന്ന് താഴ്ന്നു പൊങ്ങുമ്പോഴേക്കും ആരുടെയൊക്കെയോ അട്ടഹാസങ്ങളും അലര്‍ച്ചകളും ചെവിയില്‍ പതിയുന്നുണ്ടായിരുന്നു. തന്റെ നേര്‍ക്ക് ആരൊക്കെയോ ഓടിവരുന്നത് പോലെയും തനിക്ക് നേരെ കൈനീട്ടുന്നതുമൊക്കെ അവ്യക്തമായ ചിത്രങ്ങള്‍ പോലെ എനിക്ക് കാണാം. ഇത്രനേരം ഞാനിവിടെ തനിച്ചിരുന്നപ്പോഴൊന്നും അവിടെ ആരെയും ഞാന്‍ കണ്ടിട്ടില്ല. പിന്നെ എങ്ങനെ.. കണ്ണിലേക്കും മൂക്കിലേക്കും ചെവിയിലേക്കുമൊക്കെ വെള്ളം തുളച്ചു കയറുന്നുണ്ട്. അവസാനശ്വാസത്തിന് വേണ്ടിയുള്ള പിടിച്ചിലിലാണ് ഞാനിപ്പോ.
ആഞ്ഞു വലിക്കുമ്പോഴേക്കും കണ്ണില്‍ ഇരുട്ട് പരന്നു കഴിഞ്ഞിരുന്നു. കൈകാലുകള്‍ കുഴഞ്ഞു തുടങ്ങി.
ഒഴുക്കിനൊപ്പം ഞാനും നീങ്ങുകയാണ്. മരണത്തിന്റെ തോണിയിലേറി.
പിന്നെ കണ്ണ് തുറന്ന് നോക്കുമ്പോഴേക്കും ഞാനെതോ ഹോസ്പിറ്റല്‍ ബെഡിലായിരുന്നു.
ചുറ്റും ആരൊക്കെയോ നില്‍ക്കുന്നുണ്ട്. പരിചിതരെങ്കിലും അപരിചിതരായ അവര്‍ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഒന്നും പറയാന്‍ എനിക്ക് മനസ്സ് വന്നില്ല. മരിച്ചില്ലെന്ന് വ്യക്തമായ ആ നിമിഷം വല്ലാത്ത നിരാശ തോന്നിപ്പോയി.
മരണത്തിനുപോലും തന്നെ വേണ്ടാതായിരിക്കുന്നു. അല്ലെങ്കില്‍ പിന്നെ ആ പുഴയില്‍ ചാടിയ ആരെങ്കിലും രക്ഷപ്പെടുമോ.
രണ്ട് ദിവസം ഹോസ്പിറ്റലില്‍ അതേ കിടപ്പ് കിടന്നിട്ടും കാരണം തിരക്കി വന്ന ആരോടും ഞാന്‍ ഒന്നും പറഞ്ഞില്ല.
പക്ഷേ മൂന്നാംപക്കം എന്നെ തിരഞ്ഞു വന്നത് പോലീസായിരുന്നു. ആത്മഹത്യാശ്രമത്തിന് അവര്‍ കേസെടുക്കുകയും എന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പക്ഷേ അവിടെ ചെല്ലുമ്പോഴേക്കും കഥ ഒന്നാകെ മാറിമറിഞ്ഞു. അവിടെ അടുത്ത് പ്രമുഖനായ ആരെയോ ഒരാള്‍ കൊലപ്പെടുത്തിയിരുന്നത്രെ. ആ കൊലപാതകിക്ക് എന്റെ രൂപസാദൃശ്യമാണെന്നാണ് പോലീസുകാരുടെ കണ്ടെത്തല്‍. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുക എന്ന പ്രയോഗം പോലെ. നിമിഷ നേരം കൊണ്ട് അവരെന്നെ ഒരു കൊലയാളിയാക്കി മാറ്റി. ആരെ വിളിക്കണമെന്നോ എന്തു ചെയ്യണമെന്നോ ഒന്നുമറിയില്ല. മരവിച്ച മനുഷ്യനെപ്പോലെ കുറേ നേരം ഒന്നും ചെയ്യാനാവാതെ ഞാനവിടെ തറഞ്ഞു നിന്നു പോയി.
ഇത്രയും അനുഭവിക്കാന്‍ മാത്രം എന്ത് പാപമാണ് ഞാന്‍ ചെയ്തുകൂട്ടിയതെന്ന് സ്വന്തം മനസാക്ഷിയോട് പലതവണ ചോദിച്ചു നോക്കി. എന്തിനാവും വിധി എന്നെമാത്രം ഇങ്ങനെ ക്രൂരമായി ബലിയാടാക്കുന്നത്. അതിനുമാത്രം ഒരു ദ്രോഹവും ഞാനാരോടും ചെയ്തിട്ടില്ല. അനുഭവിച്ച വേദനകള്‍ക്കും യാതനകള്‍ക്കും കയ്യും കണക്കുമില്ല. അഞ്ചാമത്തെ വയസ്സില്‍ തുടങ്ങിയതാണ് ജീവിതത്തോടുള്ള ഈ പോരാട്ടം. തോറ്റുപോകുമെന്നായപ്പോള്‍ സ്വയം ഈ യുദ്ധഭൂമിയില്‍ മരിച്ചുവീഴാമെന്ന് കരുതിയതാണ് അവിടെയും വിധിയെന്നെ തോല്‍പ്പിച്ചു. ഇപ്പോ പുതിയ വേഷം, പുതിയ പേര്. കൊലയാളി, ആഹാ എത്ര മനോഹരമായ പേര്.
ആരോടെന്നില്ലാതെ പലതും പറഞ്ഞു കൊണ്ട് ഒരു ഭ്രാന്തനെ പോലെ കുറച്ചുനേരം ഞാന്‍ അലറി കരഞ്ഞു.
രക്ഷപ്പെടാനുള്ള ഒരു പഴുതും മുന്നില്‍ തെളിയുന്നുമില്ല. അതിനിടയില്‍ എന്റെ അവസ്ഥ കണ്ട് കരുണ തോന്നിയ ഏതോ ഒരു പോലീസുകാരന്‍ എനിക്ക് നേരെ ഒരു ഫോണ്‍ നീട്ടി. മനസ്സില്‍ ആദ്യം വന്ന നമ്പര്‍ വേണുവേട്ടന്റെതായിരുന്നു.
ഇതിനുമുമ്പ് പല ആവശ്യങ്ങള്‍ക്കും വേണ്ടി അദ്ദേഹത്തെ ഞാന്‍ വിളിച്ചിരുന്നു. ആള് ഇവിടെ രാഷ്ട്രീയക്കാരുമൊക്കെയായി
അത്യാവശ്യം പിടിപാടുള്ളവരാണ്. അദ്ദേഹത്തോട് നടന്ന കാര്യങ്ങളൊക്കെ വിശദമായി പറയുകയും ചെയ്തു.
വഴിയുണ്ടാക്കാമെന്ന് എന്നെ പറഞ്ഞ് സമാധാനിപ്പിച്ചെങ്കിലും വലിയ പ്രതീക്ഷയൊന്നും എനിക്കുണ്ടായിരുന്നില്ല.
ഒരു കൊലയാളിയായി ബാക്കിയുള്ള കാലം മുഴുവന്‍ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ ഞാനെന്റെ മനസ്സിനെ അപ്പോഴേക്കും പറഞ്ഞു പഠിപ്പിച്ചു കഴിഞ്ഞിരുന്നു. പക്ഷേ എന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് അദ്ദേഹം എന്നെക്കുറിച്ച് അന്വേഷിക്കുകയും എന്റെ കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കുകയും ചെയ്തു. എന്നിട്ട് പോലീസ് സ്റ്റേഷനിലേക്ക് എനിക്കുവേണ്ടി വരികയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ പിന്‍ബലത്തില്‍ പോലീസുകാര്‍ക്ക് കാര്യം മനസ്സിലാക്കുകയും അവരെന്നെ വെറുതെ വിടുകയും ചെയ്തു. വീണ്ടും ഒരു പുനര്‍ജന്മം പോലെ. അതൊക്കെ ഇപ്പോഴുമോര്‍ക്കുമ്പോള്‍, ഹൃദയം വല്ലാതെ പിടക്കുകയും കണ്ണ് നിറയുകയും ചെയ്യാറുണ്ട്. സഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ വേദന പടച്ചവന്‍ അന്നെനിക്ക് മാത്രമായി സമ്മാനിക്കുമ്പോള്‍ പലതവണ ഞാന്‍ മനസ്സുരുകി ചോദിച്ചിട്ടുണ്ട് എന്തിനാണ് എനിക്ക് മാത്രം ഇത്രയും സങ്കടം തരുന്നതെന്ന്. അതിനുള്ള ഉത്തരമായി ഇത്രയും ഭംഗിയുള്ള ഒരു ജീവിതം പടച്ചവന്‍ എനിക്ക് തരുമെന്നും ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയതല്ല. അനുഭവിച്ച വേദനയെക്കാള്‍ ഒരായിരം മടങ്ങ് സുഖവും സന്തോഷവും ഇപ്പോ ഞാന്‍ അനുഭവിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page