തമിഴ് നാട് വ്യാജ മദ്യദുരന്തം; മരണ സംഖ്യ 36 ആയി; 22 പേരുടെ നില ഗുരുതരം; ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 36 ആയി. 66 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 22 പേരുടെ നിലഗുരുതരമാണ്. ഇനിയും മരണ സംഖ്യ ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്. മദ്യ വില്‍പന നടത്തിയ ഗോവിന്ദരാജ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. അഞ്ച് പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. വിഷമദ്യ ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ ഫോറന്‍സിക് പരിശോധനയില്‍ മദ്യത്തില്‍ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. മദ്യദുരന്തത്തിന്റെ എല്ലാ കാരണങ്ങളും അന്വേഷിച്ച് കണ്ടെത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം സംഭവത്തില്‍ രാജ്ഭവന്‍ നടപടി ആരംഭിച്ചു. ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടക്കുന്നുണ്ട്.
വ്യാജമദ്യ ദുരന്തത്തില്‍ സമഗ്രമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. വിഷമദ്യ ദുരന്തമല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം മാറ്റി. കൂടാതെ ജില്ലാ പൊലീസ് മേധാവിക്കെതിരെയും നടപടിയെടുത്തു. എസ്പി സമയ്സിങ് മീനയെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവന്‍ ഉദ്യോഗസ്ഥരെയും താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വ്യാജമദ്യ ദുരന്തത്തില്‍ എം കെ സ്റ്റാലിന്‍ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിന് കാരണമായ എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും, ദുരന്തം തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ നശിപ്പിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കള്ളക്കുറിശ്ശി ജില്ലാ കളക്ടര്‍ എം.എസ്.പ്രശാന്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിച്ചു. മദ്യം കഴിച്ച് 74 പേര്‍ക്ക് അനധികൃത മദ്യം കഴിച്ച് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായി സംസ്ഥാന മന്ത്രി ഇവി വേലു പറഞ്ഞു. ആറു സ്ത്രീകളും ആശുപത്രിയിലുണ്ട്. ജൂണ്‍ 18 ന് കള്ളകുറിച്ചി ജില്ലയിലെ കരുണാപുരത്ത് ഒരുസംഘം ആളുകള്‍ നല്‍കിയ പാക്കറ്റുകളിലും സാച്ചുകളിലും വ്യാജ മദ്യം നിറച്ചു കൊടുത്തുവെന്നും അത് പലരും കഴിച്ചതായും അധികൃതര്‍ പറഞ്ഞു. രാത്രിയായപ്പോള്‍, അവരില്‍ പലര്‍ക്കും വയറിളക്കം, ഛര്‍ദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങിയതോടെ ഇവരെ ആശുപത്രികളിലെത്തിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page