ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ വീഴ്ച പറ്റി; എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി സംഘടനകള്‍ യുഡിഎഫിനൊപ്പം നിന്നത് തിരിച്ചടിയായി; എസ്എന്‍ഡിപി ബിജെപിയ്ക്ക് വേണ്ടി വോട്ടുപിടിച്ചെന്നും എംവി ഗോവിന്ദന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതിന് സംഭവിച്ച വീഴ്ചകള്‍ എടുത്തുപറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് എംവി ഗോവിന്ദന്‍ സമ്മതിച്ചു. കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല, നല്ല പരാജയമാണ് ഉണ്ടായത്. യുഡിഎഫിന് 18 സീറ്റ് നേടിയപ്പോള്‍ ഒരു സീറ്റ് ബിജെപി നേടി എന്നതാണ് ഏറ്റവും അപകടകരമായ അവസ്ഥയെന്ന് അദ്ദേഹം സിപിഎം യോഗത്തിന് ശേഷം പറഞ്ഞു. എസ്എന്‍ഡിപി അടക്കമുള്ള ജാതി സംഘടനകള്‍ സംഘപരിവാറിന് കീഴ്‌പ്പെട്ടതും തോല്‍വിക്ക് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്നത് തിരിച്ചടിയായി. ദേശീയ തലത്തില്‍ സിപിഎം സര്‍ക്കാര്‍ ഉണ്ടാക്കില്ലെന്നും കോണ്‍ഗ്രസാകും സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നുമുള്ള തോന്നല്‍ മതന്യൂനപക്ഷങ്ങളില്‍ ഉണ്ടായത് നല്ലത് പോലെ ബാധിച്ചുവെന്ന് ഗോവിന്ദന്‍ പറഞ്ഞു. പെന്‍ഷന്‍ അടക്കമുള്ളവയില്‍ അനുകൂല്യം കൃത്യതയോടെ നല്‍കാന്‍ ആയില്ല. ആ പ്രശ്‌നവും വോട്ടില്‍ പ്രതിഫലിച്ചു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ എല്ലാം മുന്നണി പോലെ പ്രവര്‍ത്തിച്ചു. മറ്റ് തെരഞ്ഞെടുപ്പുകളില്‍ ഇവരെല്ലാം മത്സരിക്കാറുണ്ട്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിച്ചില്ല. വളരെ ചുരുക്കം സീറ്റുകളില്‍ മത്സരിക്കുന്നവര്‍ക്ക് ഇത്തവണ ഐക്യമുന്നണി പോലെ വര്‍ഘീയ ധ്രുവീകരണത്തിന് കാരണമായി. മുസ്ലിം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചു. അത് മതനിരപേക്ഷ കേരളത്തിനെ സംബന്ധിച്ച് ദൂരവ്യാപക പ്രശ്‌നമാകും. മതനിരപേക്ഷ മനസുള്ള ഭൂരിപക്ഷ ന്യൂനപക്ഷ മതങ്ങളില്‍ പെട്ടവര്‍ അതിനെ രാഷ്ട്രീയമായി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജാതീയ സംഘടനകള്‍ പല കാരണങ്ങള്‍ കൊണ്ട് വര്‍ഗീയ ശക്തികള്‍ക്ക് കീഴ്‌പ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എന്‍ഡിപി നേതൃത്വം സംഘപരിവാറിന് വേണ്ടി വോട്ട് മാറ്റി. ക്രൈസ്തവ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്രാവശ്യം ബിജെപി ക്ക് അനുകൂലമായി നിലപാടെടുത്തു. അതിന് ഭീഷണി അടക്കം പല കാരണങ്ങളുണ്ടാകാം. തൃശ്ശൂരില്‍ കോണ്‍ഗ്രസ് വോട്ട് ചോര്‍ന്നത് ഇക്കാരണം കൊണ്ടാണ്. ജനങ്ങളിലേക്ക് പോകണം എന്നാണ് സിപിഎം തീരുമാനം. നല്ല ജാഗ്രതയോടെ ജനങ്ങളെ സമീപിക്കും. ജനങ്ങളില്‍ ഉണ്ടായ തെറ്റിദ്ധാരണ മാറ്റാന്‍ പ്രവര്‍ത്തിക്കും. തോല്‍വിയില്‍ സമഗ്ര പരിശോധന നടത്തി. ജനങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസ നടപടികള്‍ ഉണ്ട്. ജനങ്ങളുടെ മനസ് മനസിലാക്കി പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. അതേസമയം പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇമേജ് തകര്‍ക്കാന്‍ ശ്രമം ഉണ്ടായിരുന്നു. പിണറായിയേയും കുടുംബത്തെയും ടാര്‍ഗറ്റ് ചെയ്തുകൊണ്ടായിരുന്നു ആക്രമണം. അത്തരം പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു. വലത് മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തി. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. എന്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നടക്കം പരിശോധിക്കും. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അടിമുതല്‍ തല വരെ പരിശോധിക്കും. എല്ലാ ലോക്കല്‍ കമ്മിറ്റികളിലും ബഹുജന കൂട്ടായ്മകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page